കണ്ണൂർ: പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയെന്ന ഗുരുതരമായ ആരോപണത്തെ തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് സി ഐ ശ്രീജിത്ത് കൊടേരിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ ഇൻസ്പെക്ടറായി (എസ്.എച്ച്.ഒ) സേവനമനുഷ്ഠിക്കവെ നടന്ന സംഭവത്തിലാണ് കമ്മീഷന്റെ ഈ ഇടപെടൽ.
ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി ഭർത്താവിനൊപ്പമാണ് യുവതി സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ഉദ്യോഗസ്ഥൻ തങ്ങളോട് മോശം ഭാഷ ഉപയോഗിക്കുകയും അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവസമയത്ത് പരാതിക്കാരി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആരോപണവിധേയർക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, *"ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടിൽ പോയി ഭർത്താവിനോട് പറഞ്ഞാൽ മതിയെന്നും"* സി ഐ ആക്രോശിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
തനിക്കെതിരെ അന്യായമായി കേസെടുക്കുകയാണുണ്ടായതെന്നും തനിക്ക് പറയാനുള്ളത് കേൾക്കാൻ തയാറാകാതെ മോശമായി പെരുമാറിയെന്നും കാട്ടിയാണ് യുവതി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
