Zygo-Ad

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കലേക്ക് പ്രതിഷേധം

 


കണ്ണൂർ: ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ (ഐഎൻഎ) നേതൃത്വത്തിൽ അമ്പത് ദിവസം പിന്നിട്ട നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. കോഴിക്കോട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ (ആർജെഎൽസി) ഓഫീസിൽ വെച്ചാണ് ചർച്ച നടന്നത്. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് പകരം തൊഴിലുടമകൾ നേരിട്ട് ഹാജരാകണമെന്ന് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നിർദേശിച്ചിരുന്നുവെങ്കിലും ഉടമകൾ എത്താതിരുന്നതാണ് ചർച്ച അലസാൻ കാരണമായത്. ഇതോടെ സമരം കൂടുതൽ ശക്തമാക്കാൻ സംയുക്ത സമരസഹായ സമിതി തീരുമാനിച്ചു.

ആശുപത്രികൾക്ക് മുന്നിൽ നിലവിൽ തുടരുന്ന സമരം അതേപടി നിലനിർത്തിക്കൊണ്ട് തിങ്കളാഴ്ച മുതൽ കണ്ണൂർ ജില്ലാ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിക്കും. ആറ് ആശുപത്രികളിലെയും നഴ്‌സുമാരിൽ ഒരു വിഭാഗം കളക്ടറേറ്റ് പടിക്കലെ പ്രതിഷേധത്തിൽ പങ്കെടുക്കും.

തൊഴിൽ വകുപ്പ് വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ വലിയ രീതിയിലുള്ള തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ സർക്കാർ അടിയന്തരമായി നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത സമര സഹായ സമിതി ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് ഐഎൻഎ ഭാരവാഹികൾ വ്യക്തമാക്കി.



Previous Post Next Post