കണ്ണൂർ: ഉദ്യോഗസ്ഥതല കൈക്കൂലി നിർമ്മാർജ്ജനത്തിനായി വിജിലൻസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ പ്രൊജക്റ്റ് സീറോ' പദ്ധതിയുടെ ഭഗമായി നടത്തിയ പരിശോധനയിൽ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് കെണിയിൽ കുടുങ്ങി. കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ അസിസ്റ്റന്റ് എഞ്ചിനീയർ പി. മുഹമ്മദ് അസ്ലമിനെയാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
കെട്ടിട നിർമ്മാണ പെർമിറ്റിനായി സമർപ്പിച്ച അപേക്ഷ പത്തുമാസത്തിലധികമായി വെച്ചുതാമസിപ്പിച്ച ശേഷം പെർമിറ്റ് അനുവദിക്കുന്നതിനായി 20,000 രൂപയാണ് അസ്ലം കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഗഡുവായ 15,000 രൂപ വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസിന്റെ പിടിയിലാകുന്നത്.
തിങ്കളാഴ്ച വൈകുന്നേരം കണ്ണൂർ നഗരത്തിലെ കാൾടെക്സ് എന്ന സ്ഥലത്ത് പണവുമായി എത്താൻ പ്രതി അപേക്ഷകനോട് ആവശ്യപ്പെടുകയായിരുന്നു. അപേക്ഷകൻ മുൻകൂട്ടി വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്ഥലത്തെത്തി കെണിയൊരുക്കി പ്രതിയെ പിടികൂടുകയായിരുന്നു.
പലരിൽ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന തുടർച്ചയായ പരാതികളെ തുടർന്ന് അസ്ലം നേരത്തെ തന്നെ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
