Zygo-Ad

തളാപ്പില്‍ മതിലും കെട്ടിടവും തകര്‍ന്നു: തലനാരിഴയ്‌ക്ക് വന്‍ ദുരന്തമൊഴിവായി


കണ്ണൂര്‍: കണ്ണൂര്‍ തളാപ്പില്‍ മതിലും കെട്ടിടവും റോഡിലേക്ക്‌ ഇടിഞ്ഞു വീണു. വന്‍ അപകടം ഒഴിവായി. തളാപ്പ്‌ എല്‍.ഐ.സി ഓഫീസിനടുത്ത്‌ എന്‍.കെ.ബി.ടി പമ്പിന്‌ പിറക്‌ വശത്തെ സര്‍വ്വീസ്‌ സ്‌റ്റേഷനോട്‌ ചേര്‍ന്നുള്ള പഴയ കെട്ടിടവും മതിലുമാണ്‌ കനത്ത മഴയില്‍ ഇടിഞ്ഞു വീണത്‌.

വൈദ്യുതി ലൈനുകളും കേബിളുകളും പൂര്‍ണ്ണമായി തകര്‍ന്നു.

റോഡിലൂടെ നടന്നു പോകുന്നവര്‍ മതില്‍ ഇടിയുന്നത്‌ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തായി കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ ഓടകള്‍ ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്‌. 

അപകടത്തെ തുടര്‍ന്ന്‌ റോഡ്‌ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന്‌ വൈദ്യുതി ലൈന്‍ പൊട്ടിവീണത്‌ ആശങ്കക്കിടയാക്കി.

അഗ്നിശമന രക്ഷാ സേന ജില്ലാ ഫയര്‍ ഓഫീസര്‍ അരുണിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെയും മതിലിന്റെയും അവശിഷ്‌ടങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്‌തു. കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ ജെ.സി.ബി സഹായത്തോടെ സ്‌ഥലത്ത്‌ പ്രവൃത്തികൾ നടത്തി വരികയാണ്‌. കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.

Previous Post Next Post