ഇടവപ്പാതി ആരംഭിച്ചിട്ടും കനത്ത മഴ മാറിനിന്നതോടെ പഴശ്ശി ജലാശയത്തിലെ നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. ഇതേത്തുടർന്ന് കനത്ത മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കം ഒഴിവാക്കാനായി മുന്നൊരുക്കത്തിന്റെ ഭാഗമായി തുറന്നിട്ടിരുന്ന പഴശ്ശി പദ്ധതിയുടെ മുഴുവൻ ഷട്ടറുകളും അധികൃതർ വീണ്ടും അടച്ചു. കാലവർഷം പകുതി പിന്നിട്ടിട്ടും ജലാശയത്തിലേക്ക് വെള്ളമെത്താത്തത് ജില്ലയിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക പരത്തിയതോടെയാണ് അടിയന്തരമായി ഷട്ടറുകൾ അടച്ച് ജലസംഭരണം തുടങ്ങിയത്. ചരിത്രത്തിൽ ആദ്യമായാണ് ജൂൺ മാസം പകുതിയായിട്ടും പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ ഇത്രയും വലിയ കുറവുണ്ടാകുന്നത്.
കണ്ണൂർ ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലേക്കും മാഹിയിലേക്കും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി ജലാശയത്തിൽ നിന്നാണ്. പത്തിലേറെ കുടിവെള്ള പദ്ധതികളാണ് ഇതിനായി ഇവിടെ പ്രവർത്തിക്കുന്നത്. ജലാശയത്തിൽ ചുരുങ്ങിയത് 18 മീറ്റർ വെള്ളമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഈ പദ്ധതികളിലേക്കുള്ള പമ്പിങ് സുഗമമായി നടക്കുകയുള്ളൂ. മഴ പൂർണ്ണമായും മാറിനിന്നതോടെ ജലനിരപ്പ് 18 മീറ്ററിലും താഴുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് അധികൃതർ ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചത്. സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർണ്ണ സംഭരണ ശേഷിയായ 26.52 മീറ്ററിൽ എത്തേണ്ട ജലനിരപ്പ്, ഷട്ടറുകൾ അടച്ച് ഒരു പകലും രാത്രിയും പിന്നിട്ടിട്ടും 18.75 മീറ്ററിലേക്ക് മാത്രമാണ് ഉയർന്നത്. ഇനി വരും ദിവസങ്ങളിൽ കാലവർഷം ശക്തമായാൽ മാത്രമേ ജലാശയം പൂർണ്ണസ്ഥിതിയിലാവുകയും കുടിവെള്ള പ്രതിസന്ധി ഒഴിയുകയും ചെയ്യൂ.
