കണ്ണൂർ: റോഡ് സുരക്ഷയെക്കുറിച്ച് അധികൃതർ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും കണ്ണൂർ നഗര ഹൃദയത്തിലെ പ്രധാന ജങ്ഷനുകളിലെ സീബ്ര ലൈനുകൾ മാഞ്ഞു പോയത് കാൽനട യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു.
പ്രായമായവരും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർ മിനിറ്റുകളോളം റോഡരികിൽ കാത്തുനിന്ന ശേഷമാണ് അപകട സാധ്യത വകവെക്കാതെ ജീവൻ കൈയിൽപ്പിടിച്ച് റോഡ് മുറിച്ചു കടക്കുന്നത്. നഗരത്തിലെ ഭൂരിഭാഗം സീബ്രവരകളും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണുന്ന അവസ്ഥയിലാണുള്ളത്.
വരകൾ വ്യക്തമല്ലാത്തതിനാൽ കാൽനട യാത്രക്കാർ കയറിയാലും വാഹനങ്ങൾ നിർത്താൻ ഡ്രൈവർമാർ തയ്യാറാകാത്തത് വലിയ അപകട സാധ്യതയാണ് ഉയർത്തുന്നത്.
റോഡിൽ സീബ്രവരകളുണ്ടെന്നത് പലപ്പോഴും ഡ്രൈവർമാർക്ക് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. കണ്ണൂർ കലക്ടറേറ്റിനു മുന്നിലെ റോഡ്, സ്റ്റേഷൻ റോഡ്, സൗത്ത് ബസാർ, പ്ലാസ, പള്ളിക്കുന്ന് ശ്രീപുരം സ്കൂൾ എന്നിവിടങ്ങളിലെല്ലാം സീബ്രാലൈനുകൾ പൂർണ്ണമായും മാഞ്ഞ നിലയിലാണ്.
ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിൽ സീബ്രവരകൾ മാഞ്ഞത് യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലിറങ്ങി ബസ് കയറാൻ എത്തുന്നവർ റോഡ് മറികടക്കാൻ ദീർഘനേരം കാത്തുനിൽക്കേണ്ടി വരുന്നു.
നിലവിൽ ട്രാഫിക് പൊലീസ് വാഹനങ്ങൾ നിർത്തിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ റോഡ് മുറിച്ചു കടത്തുന്നത്. നഗരത്തിലെ സീബ്ര വരകൾ പുനഃസ്ഥാപിക്കേണ്ട ചുമതല കോർപ്പറേഷനാണെന്നിരിക്കെ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതിനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല.
മേയറുടെ ശ്രദ്ധയിൽ ഉൾപ്പെടെ നിരവധി തവണ വിഷയം എത്തിച്ചിട്ടും ഫലമുണ്ടായില്ല. റോഡ് സുരക്ഷാ സമിതി യോഗത്തിൽ ഉൾപ്പെടെ ഇത് ചർച്ചയായെങ്കിലും സ്കൂൾ, ആശുപത്രി പരിസരങ്ങളിൽ പോലും സീബ്രാലൈനുകൾ കൃത്യമായി വരയ്ക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
