Zygo-Ad

സംസ്ഥാന ഇന്റർ പോളി കലോത്സവ നടത്തിപ്പിൽ അഴിമതി ആരോപണം:-കെ.എസ്.യു


കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവത്തിന്റെ നടത്തിപ്പിനെതിരെ കെ.എസ്.യു രംഗത്ത്.

 സംസ്ഥാനത്തെ 63 പോളിടെക്‌നിക് കോളേജുകളിൽ നിന്നായി 62 ഇനങ്ങളിലായി 2500-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന് ആവശ്യമായ താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ആരോപിച്ചു. 

സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് സംഘടിപ്പിക്കുന്ന കലോത്സവത്തിൽ എസ്.എഫ്.ഐ ജില്ലാ ഭാരവാഹികൾ സംഘാടക സമിതി അംഗങ്ങളെന്ന പേരിൽ ഇടപെട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും ഫണ്ടുകൾ ദുരുപയോഗം ചെയ്തും പരിപാടി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 കെ.എസ്.യു യൂണിയൻ ഭരിക്കുന്ന മട്ടന്നൂർ പോളിടെക്‌നിക്കിൽ നിന്നുള്ള മത്സരാർത്ഥികളെ ബോധപൂർവം മത്സരങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമവും എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായതായി ഹരികൃഷ്ണൻ ആരോപിച്ചു. 

ഇത്തരത്തിലുള്ള സ്വജനപക്ഷപാതവും അഴിമതിയും കലോത്സവങ്ങളുടെ ഭാഗമായി മാറാൻ അനുവദിക്കില്ലെന്നും, സ്പോർട്സ് മീറ്റുകൾ പോലെ കലോത്സവങ്ങളും വകുപ്പ് തലത്തിൽ നേരിട്ട് നടത്താനുള്ള ഇടപെടൽ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post Next Post