കണ്ണൂർ : എട്ടുകോച്ചായി ചുരുക്കിയിരുന്ന ഷൊർണൂർ-കണ്ണൂർ മെമുവിന്റെ കോച്ചുകൾ (റേക്ക്) പന്ത്രണ്ടാക്കി വർദ്ധിപ്പിച്ചത് മലബാറിലെ യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാകുന്നു. എന്നാൽ ട്രെയിൻ 16 കോച്ചുകളാക്കി പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന സൂചന.
അറ്റകുറ്റപ്പണിയുടെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായി 16 കോച്ചുകളുള്ള വണ്ടി സർവീസിൽ നിന്ന് പിൻവലിച്ചത്. ഇതിനുപകരം പാലക്കാട് മെമു ഡിപ്പോയിൽ നിന്നുള്ള എട്ടു കോച്ചുകൾ മാത്രമുള്ള വണ്ടിയാണ് താൽക്കാലികമായി ഓടിച്ചിരുന്നത്. ഇത് യാത്രക്കാരുടെ കനത്ത തിരക്കിനും ദുരിതത്തിനും കാരണമായിരുന്നു. കൊല്ലം മെമു ഷെഡിന് കീഴിലുള്ള ഈ വണ്ടി 16 കോച്ചുകളുമായി 2025 ജൂലായിലാണ് സർവീസ് തുടങ്ങിയത്. 2021 മാർച്ചിലാണ് ഷൊർണൂർ മുതൽ കണ്ണൂർ വരെയുള്ള മെമു സർവീസ് ആരംഭിക്കുന്നത്.
മലബാറിലെ റെയിൽവേ യാത്രക്കാരോട് അധികൃതർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. താംബരത്തുനിന്ന് പാലക്കാട് ഡിവിഷനിലേക്ക് 12 കോച്ചുകളുള്ള പുതിയ മെമു അനുവദിച്ചിട്ടും ഇതുവരെ വിട്ടുനൽകാൻ തയ്യാറായിട്ടില്ല. ചീഫ് ഓപ്പറേഷൻസ്, മെക്കാനിക്കൽ വിഭാഗങ്ങളുടെ സംയുക്ത യോഗത്തിലാണ് ഈ 12 കോച്ച് മെമു അനുവദിക്കാൻ തീരുമാനമായത്. എന്നാൽ ഇതിൻ്റെ ഔദ്യോഗിക ഉത്തരവിറങ്ങിയിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് യാത്രക്കാരും റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനും കുറ്റപ്പെടുത്തുന്നു.
