തളിപ്പറമ്പ്: തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വളക്കൈയിൽ വെച്ച് ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന 'തേലക്കാടൻ' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
യാത്രക്കാരുമായി പോവുകയായിരുന്ന ബസിൽ നിന്നും പെട്ടെന്ന് പുക ഉയർന്നതിനെ തുടർന്ന് ജീവനക്കാർ ഉടൻ തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരും ജീവനക്കാരും യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് തളിപ്പറമ്പിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അല്പം സമയം ഗതാഗത തടസ്സമുണ്ടായി.
