കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബെലൈനിന് സമീപം പുറത്തേക്ക് കടക്കാനുള്ള വഴി അടച്ചതോടെ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിൽ. മെമു ട്രെയിനുകളിലേക്ക് കയറാനും ഇറങ്ങാനും യാത്രക്കാർ പ്രധാനമായും ഉപയോഗിക്കുന്ന റെയിൽവേ സ്‌റ്റേഷന്റെ മുൻഭാഗത്തെ വഴിയാണ് കാൽനടയാത്ര തടസ്സപ്പെടുത്തി ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത്. സ്റ്റേഷന്റെ വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നടക്കാൻ പോലും ഇടമില്ലാതെ യാത്രക്കാർ വലയുകയാണ്.
മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളിലെ അവസാന ബോഗികളിൽനിന്ന് ഇറങ്ങുന്നവരും മെമു യാത്രക്കാരും പുറത്തേക്ക് കടക്കാൻ പ്രധാനമായും ഈ വഴിയാണ് തിരഞ്ഞെടുത്തിരുന്നത്. റെയിൽവേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആ വഴിയും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നിലവിൽ പുറത്തുകടക്കാൻ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗത്തെ വഴി മാത്രമാണുള്ളത്. ദൂരയാത്ര കഴിഞ്ഞെത്തുന്നവർക്ക് ലഗേജുകൾ ഉൾപ്പെടെ എളുപ്പത്തിൽ പുറത്തെത്തിക്കാൻ ഏറെ സഹായകരമായിരുന്ന വഴിയാണ് ഒരു അറിയിപ്പുമില്ലാതെ റെയിൽവേ അധികൃതർ അടച്ചിട്ടത്.
