കണ്ണൂർ: നീറ്റ് പരീക്ഷ അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ കണ്ണൂരില്‍ നടത്തിയ മാർച്ചില്‍ പ്രതിഷേധമിരമ്പി.
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചില്‍ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ബുധനാഴ്ച നടന്ന മാർച്ചില്‍ വൻ പോലീസ് സന്നാഹത്തെ വെട്ടിച്ചാണ് പ്രവർത്തകർ ഓഫീസ് കോംപൗണ്ടിനകത്തേക്ക് ഇരച്ചുകയറിയത്.
ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധം
ബാരിക്കേഡുകള്‍ മറികടന്ന പ്രവർത്തകർ ഓഫീസിന് മുൻവശം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പോലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
നീറ്റ് പരീക്ഷാ ക്രമക്കേടുകളിലൂടെ വിദ്യാർത്ഥികളുടെ ഭാവി കേന്ദ്ര സർക്കാർ അവതാളത്തിലാക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വൻ പോലീസ് സന്നാഹത്തെ വെട്ടിച്ചാണ് പ്രവർത്തകർ ഓഫീസ് ഗേറ്റ് ചാടിക്കടന്നത്.
നേതൃത്വം നല്‍കി പ്രമുഖർ എസ്‌എഫ്‌ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.പി. ആദർശ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.പി. അഖില, കെ.കെ. ഗിരീഷ്, കെ.ടി. അലിഷ, വൈഷ്ണവ് ബാലൻ, അശ്വന്ത് മട്ടന്നൂർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
