കണ്ണൂർ: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകള്‍ തുടരുന്നതിനിടെ കണ്ണൂരിലെ കെ. സുധാകരന്റെ വീട് സന്ദർശിച്ച് നേതാക്കള്‍.
ഡിസിസി ജനറല്‍ സെക്രട്ടറി വി.ആർ ഭാസ്‌കർ, കൂടാളി മണ്ഡലം പ്രസിഡണ്ട് ശ്രീപ്രസാദ് എന്നിവരാണ് കെ സുധാകരനെ കാണാനെത്തിയത്. എന്നാല്‍, സാധാരണ സന്ദർശനം മാത്രമെന്നാണ് നേതാക്കള്‍ പറഞ്ഞു. പ്രത്യേക രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കെ. സി. വേണുഗോപാല്‍ മുഖ്യമന്ത്രി ആവണമെന്ന് പരസ്യമായി ആവശ്യപ്പെട്ട നേതാവാണ് കെ. സുധാകരൻ.
കെ. സുധാകരൻ ഉള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹിക്ക് വിളിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ സുധാകരനെ കാണാൻ എത്തിയത് എന്നത് ശ്രദ്ധേയമാണ്. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് കെ.സുധാകരൻ വീട്ടില്‍ വിളിച്ചിരുന്നു. ഡല്‍ഹിക്ക് വിളിപ്പിച്ച സാഹചര്യത്തില്‍ യോഗം മാറ്റിവെക്കുകയായിരുന്നു.
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുൻ കെപിസിസി അധ്യക്ഷൻമാരേയും വർക്കിംഗ് പ്രസിഡന്റുമാരേയും എഐസിസി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
കെ.സുധാകരൻ, കെ.മുരളീധരൻ, മുലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസ്സൻ, വി.എം സുധീരൻ, വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാർ, ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയിലേക്ക് പോവില്ലെന്ന് അറിയിച്ചിട്ടുണ്ട്. വി.എം സുധീരനും, കെ. മുരളീധരനും ഡല്‍ഹിയിലെത്തി അഭിപ്രായം പറയുമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്
