കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്ടാമ്പള്ളി സ്വദേശിയും കൊയ്യം മർക്കസിലെ വിദ്യാർത്ഥിയുമായ ടി പി മുഹമ്മദ് (14) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം പന്ത് കളിക്കുന്നതിനിടെ പന്ത് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഇത് എടുക്കാനായി കിണറ്റിലിറങ്ങിയ മുഹമ്മദ് പിടിവിട്ട് വെള്ളത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊയ്യം ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് കൊയ്യം മർക്കസിലെ ഹിഫ്‌സുൽ ഖുർആൻ അക്കാദമിയിൽ താമസിച്ച് പഠിക്കുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
