പിണറായി :മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ നടത്തിയിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായി. പരിശോധനയിൽ വീട്ടിൽ നിന്ന് യാതൊരു രേഖകളും കണ്ടെത്തിയിട്ടില്ല. രേഖകൾ ഒന്നും തന്നെ കൊണ്ടുപോകുന്നില്ല എന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകിയതായി സി പി ഐ എം നേതാവ് എം വി ജയരാജൻ അറിയിച്ചു.
പിണറായി വിജയന്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലെ പരിശോധനയും ഇതോടൊപ്പം അവസാനിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ സിപിഎം പ്രവർത്തകർ കൂവി വിളിച്ച് ശക്തമായി പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിൽ പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും ചെയ്തു.
