കണ്ണൂർ: കാറില്‍ കടത്തുകയായിരുന്ന 2.65 കോടി രൂപയുമായി രണ്ട് യുവാക്കളെ ടൗണ്‍ പൊലീസ് പിടികൂടി. പെരിങ്ങത്തൂർ മത്തിപറമ്പ് സ്വദേശി കേളോത്ത് ഹൗസില്‍ അജ്മല്‍ (25), തലശ്ശേരി പുളിയനമ്പ്രം സ്വദേശി തായുള്ളതില്‍ ഹൗസില്‍ ഒ പി സബിത്ത് (30) എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജിന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയില്‍ ടൗണ്‍ ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥും സംഘവും ചേർന്ന് പിടികൂടിയത്.
പണവും വാഹനവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ആദായ നികുതി വകുപ്പിന് കൈമാറും.
തെരഞ്ഞെടുപ്പിനെ തുടർന്നുള്ള പരിശോധന തുടരുന്നതിനിടെയാണ് ഞായറാഴ്‌ച പുലർച്ചെ മൂന്നരയോടെ കണ്ണൂർ കാല്‍ടെക്സ് പരിസരത്തു നിന്ന് പണം പിടിച്ചെടുത്തത്.
പുതിയതെരു ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 13 എവി 2688 നമ്പർ കാറില്‍നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന അനധികൃതപണം പിടിച്ചെടുത്തത്.
കാറിലെ ഡ്രൈവർ സീറ്റിനും മുൻവശത്തെ യാത്രക്കാരന്റെ സീറ്റിനും മധ്യഭാഗത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്. 500, 200 രൂപയുടെ നോട്ട് കെട്ടുകളാക്കിയാണ് രഹസ്യ അറയില്‍ സൂക്ഷിച്ചത്.

