പരിയാരം: കുടിവെള്ള ടാങ്കിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവതിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത അയൽക്കാരനെതിരെ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരി സ്വദേശി സന്തോഷിനെതിരെയാണ് നടപടി.
പുറച്ചേരിയിലെ പത്മനാഭന്റെ ഭാര്യ പി. മിനി (46) നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഏപ്രിൽ 16-ന് രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ഇരുവരുടെയും വീടിന് പിന്നിലെ പറമ്പിൽ സ്ഥാപിച്ച പൊതുവായ കുടിവെള്ള ടാങ്കിൽ നിന്ന് മിനി അമിതമായി വെള്ളമെടുത്തു എന്ന് ആരോപിച്ചായിരുന്നു അതിക്രമം.
യുവതിയെ തടഞ്ഞുനിർത്തി മർദിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
