തലശ്ശേരി: കൈമോശം വന്നുകൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങൾ തിരിച്ചുപിടിക്കാനും മനുഷ്യരെ വിഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും ലക്ഷ്യമിട്ട് എംഎസ്എസ് സംഘടിപ്പിച്ച സർഗ്ഗ സായന്തന കൂട്ടായ്മ ശ്രദ്ധേയമായി. സംഘടനയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ട്യാമു സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സൗഹൃദ സംവാദം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സേവന കാരുണ്യ വീഥികളിലൂടെ എംഎസ്എസ് കേരള സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മത ജാതി രാഷ്ട്രീയത്തിനതീതമായി മാനവികതയുടെ ഉന്നതിയാണ് ആത്യന്തിക ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചരിത്രകാരൻ പ്രൊഫസർ എ പി സുബൈർ പറഞ്ഞു. നല്ല വ്യക്തികളിലൂടെ മാത്രമേ നല്ല സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂവെന്ന് പ്രമുഖ അഭിഭാഷകൻ പി വി സൈനുദ്ദീൻ ചൂണ്ടിക്കാട്ടി. സാമൂഹ്യ പരിഷ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ എംഎസ്എസിന് സാധിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് വി ടി ഷീല അഭിപ്രായപ്പെട്ടു.
സഹജീവികളോടുള്ള സഹാനുഭൂതിയാണ് മാനവികതയെന്ന് ജില്ലാ ക്യാൻസർ കൺസോർഷ്യം സെക്രട്ടറി നാരായണൻ പുതുക്കുടി പറഞ്ഞു. സമൂഹത്തിന്റെ മുറിവുകൾക്ക് മരുന്നാകാൻ നമുക്ക് കഴിയണമെന്ന് പ്രമുഖ പ്രഭാഷകൻ ചൂര്യായി ചന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. സ്ത്രീധനത്തിനും ആഢംബര വിവാഹത്തിനുമെതിരെ ശക്തമായ ക്യാമ്പയിൻ ഉയരണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു പറഞ്ഞു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും മാനവികതയുടെ അർത്ഥതലത്തിൽ ഉൾപ്പെടുമെന്ന് റിട്ടയേർഡ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് അഭിപ്രായപ്പെട്ടു. എം സക്കരിയ, പി അബ്ദുൽ റസാഖ്, ജസീല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വി കെ മുഹമ്മദ് നന്ദി പറഞ്ഞു.