ചെറുകുന്ന്: വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു.
കണ്ണൂരിലെ പ്രാദേശിക ചാനല്‍ ക്യാമറാമാനും സൂര്യാഘാതമേറ്റു. ധർമ്മശാലയിലെ സീല്‍ ടിവി ക്യാമറാമാൻ ഷാജി കീഴറയ്ക്കാണ് സൂര്യാഘാതമേറ്റത്. 2026 ഏപ്രില്‍ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് ജോലിയുടെ ഭാഗമായി ചെറുകുന്ന് കീഴറയില്‍ പോയപ്പോഴാണ് ഷാജിക്ക് സൂര്യാഘാതമേറ്റത്.
ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍
വെയിലത്ത് ജോലി ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഷാജി ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പരിശോധനയില്‍ ഇദ്ദേഹത്തിൻ്റെ കൈകാലുകളിലും ശരീരത്തിൻ്റെ പിൻഭാഗത്തും സൂര്യാഘാതമേറ്റതായി കണ്ടെത്തി.
പൊള്ളലേറ്റ ഭാഗങ്ങളില്‍ തൊലി വൃത്താകൃതിയില്‍ നഷ്ടപ്പെട്ട നിലയിലാണ്. വടക്കൻ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില ക്രമാതീതമായി ഉയർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ജാഗ്രതാ നിർദേശം
രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നല്‍കിയിട്ടുണ്ട്.
ഈ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതും ഇരുചക്ര വാഹനങ്ങളില്‍ ദീർഘദൂര യാത്ര നടത്തുന്നതും ഒഴിവാക്കണം. കണ്ണൂർ ഉള്‍പ്പെടെയുള്ള വടക്കൻ ജില്ലകളില്‍ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
കടുത്ത ചൂടില്‍ വടക്കൻ ജില്ലകള്‍
കണ്ണൂർ, കാസർകോട് ജില്ലകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ അളവ് കുറയുന്നതും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും വെയിലത്ത് ജോലി ചെയ്യുന്നവർ ഇടവേളകള്‍ എടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
