തലശ്ശേരി: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞു. അനാട്ടമി വിഭാഗം മേധാവി ഡോ. റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ലോൺ ആപ്പ് വിഷയവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാര്യങ്ങളാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. താൻ ദളിത് വിഭാഗത്തിൽപ്പെട്ട ആളാണെന്ന വാദവും അദ്ദേഹം ഉയർത്തിയെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇത് അംഗീകരിച്ചില്ല. നിതിനോടുള്ള മുൻവൈരാഗ്യം കാരണം ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ മറ്റൊരു അധ്യാപികയെ പ്രേരിപ്പിച്ചത് ഡോ. റാം ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
സംഭവസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ല എന്ന വാദം പരിഗണിച്ചാണ് ഡോ. സംഗീതയ്ക്ക് ജാമ്യം അനുവദിച്ചത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
