കണ്ണൂർ: പാചകവാതക സിലണ്ടറുകളുടെ ക്ഷാമത്തിന് പുറമെ കണ്ണൂർ ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ (സ്‌പോർട്സ്) ഹോസ്റ്റലില്‍ കുടിവെള്ള ക്ഷാമവും.
പരീക്ഷകള്‍ പൂർത്തിയായി 31ന് ക്ലാസുകളും പരിശീലനവും അവസാനിക്കാനിരിക്കെ വിദ്യാർത്ഥികള്‍ പതിവിലും നേരത്തെ മടങ്ങുകയാണ്.
220 ഓളം വിദ്യാർത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് 31 വരെ കായിക പരിശീലനമുണ്ട്.
ഹോസ്റ്റലില്‍ കിണറും കുഴല്‍ കിണറും വാട്ടർ അതോറിറ്റി കണക്ഷനും ഒക്കെ ഉണ്ടെങ്കിലും ഇത് നിലവിലെ ആവശ്യത്തിന് തികയാതെ വരികയാണ്. വാട്ടർ അതോറിറ്റി ശുദ്ധജലം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്.
ഏപ്രില്‍ 17ന് അടുത്ത അദ്ധ്യയന വർഷത്തിലെ കുട്ടികള്‍ എത്താനിരിക്കേ പ്രതിസന്ധി എങ്ങിനെ മറികടക്കുമെന്നുള്ള ഉത്കണ്ഠയിലാണ് ഹോസ്റ്റല്‍ അധികൃതർ.
ചപ്പാത്തി, ദോശ ഔട്ട് പാചകവാതക ക്ഷാമത്തെ തുടർന്ന് ഭക്ഷണ മെനുവില്‍ നിന്നും ചപ്പാത്തി, ദോശ തുടങ്ങിയവ കുറച്ച് ദിവസങ്ങളായി ഒഴിവാക്കിയിരുന്നു.
പ്ലസ്ടു പരീക്ഷ ശനിയാഴ്ച അവസാനിച്ചതോടെ അവരും ഹോസ്റ്റലില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഹോസ്റ്റലില്‍ ശേഷിക്കുന്നത്.
