കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിപിഐഎം സ്ഥാനാർഥി ചിത്രം തെളിയുന്നു. പേരാവൂർ നിയോജക മണ്ഡലത്തില്‍ കെ.കെ. ശൈലജയും തളിപ്പറമ്പില്‍ പി.കെ. ശ്യാമളയും പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനും മത്സരിക്കും.
കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് പുതുക്കി നല്‍കിയ പട്ടികയിലാണ് മൂവരുടെയും പേര് നിർദേശിച്ചത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരില്‍ നിശ്ചിയിച്ചത്. യുഡിഎഫിന്റെ കോട്ടയായ പേരാവൂർ ഒരിക്കല്‍ മാത്രമാ എല്‍ഡിഎഫിന് പിടിക്കാൻ കഴിഞ്ഞിരുന്നുള്ളു.
2006ലാണ് ഇവിടെ ആദ്യമായി എല്‍ഡിഎഫ് വിജയിച്ചത്. അന്ന് കെ.കെ. ശൈലജയായിരുന്നു വിജയിച്ചത്. പിന്നിട് 2011ല്‍ ശൈലജയെ പരാജയപ്പെടുത്തി സണ്ണി ജോസഫാണ് കഴിഞ്ഞ മൂന്ന് ടേമായി പേരാവൂരില്‍ നിന്ന് വിജയിക്കുന്നത്.
അതേ സമയം, പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം മറികടന്നാണ് തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനമെടുത്തത്.
പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ അണികളും അനുഭാവികളും വലിയ രീതിയിലുള്ള എതിർപ്പുകള്‍ ഉന്നയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം പരസ്യമായി തന്നെയായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചതും. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയ സാധ്യതയെ ബാധിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നല്‍കിയത് എന്നടക്കമുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ട പേരാമ്പ്ര സീറ്റില്‍ എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം.
പതിമൂന്നാമത്തെ സീറ്റായ കുറ്റ്യാടിക്ക് പകരം കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റായിരുന്നു പേരാമ്പ്ര. ഇതോടെ 12 സീറ്റുകളില്‍ തന്നെയാകും ഇത്തവണ കേരളാ കോണ്‍ഗ്രസ് എം മത്സരിക്കുക.
