കണ്ണൂർ: നാട്ടില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ ഉപഭോക്താക്കളെ കെണിയില്‍ വീഴ്ത്താൻ ജില്ലയില്‍ സൈബർ തട്ടിപ്പുകാർ പുതിയ അടവുമായി രംഗത്ത്.
ഗ്യാസ് ബുക്കിംഗിന്റെയും ബില്‍ അപ്‌ഡേഷന്റെയും മറവിലാണ് സൈബർ തട്ടിപ്പുകാർ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്. വീട്ടമ്മമാരാണ് കൂടുതലായും ഇവരുടെ വലയില്‍ വീഴുന്നതെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു.
സിലിണ്ടറുകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന സന്ദേശം ലഭിക്കുന്നതിലൂടെയാണ് സൈബർ തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ബില്‍ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ച് വാട്സ് ആപ്പിലേക്ക് ഒരു ഫയല്‍ അയക്കുകയും ചെയ്യുന്നു.
സിലിണ്ടർ ബില്‍ അപ്‌ഡേറ്റ് എപികെ എന്ന ഫയല്‍ അയച്ചു തരുന്നതോടെയാണ് ഇരകള്‍ തട്ടിപ്പിന്നിരയാവുക. പാചകവാതക ബുക്കിംഗ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനോ കുടിശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും.
ഇതോടെ നമ്മുടെ ഫോണിലുള്ള എല്ലാ വിവരങ്ങളും തട്ടിപ്പുസംഘം ചോർത്തുമെന്നാണ് പറയുന്നത്. യു.പി.ഐ വിവരങ്ങളും, ബാങ്കിംഗ് വിവരങ്ങളും സൈബർ കുറ്റവാളികള്‍ ചോർത്തുന്നതോടെ ഉപഭോക്താക്കളുടെ ഫോണ്‍ നിയന്ത്രണവും തട്ടിപ്പു സംഘങ്ങളുടെ കൈയിലാവും.
ഇതോടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും, വ്യാജ രേഖകള്‍ ചമച്ച് വായ്പ വരെ തട്ടിപ്പു സംഘം നേടിയേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സൈബർ തട്ടിപ്പുകാർക്കെതിരെ കേരള പൊലീസ് രംഗത്തു വന്നിട്ടുണ്ട്.
സന്ദേശം ലഭിച്ചാല്‍ പരിഭ്രാന്തരാകാതെ ഏജൻസിയുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പു വരുത്തണമെന്ന് കേരള പൊലീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.
മുൻകരുതലുകള്‍ സ്വീകരിക്കാം
അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക. വാട്സ് ആപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്. പരിചയമില്ലാത്ത നമ്പറുകളിലെ സന്ദേശങ്ങള്‍ ഒഴിവാക്കുക
സിലിണ്ടർ ബുക്കിംഗിനും ബില്‍ അപ്‌ഡേഷനും ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങളറിയാൻ ഗ്യാസ് ഏജൻസികളെ ബന്ധപ്പെടുക.
ബാങ്ക് വിവരങ്ങളോ, പാസ് വേർഡോ, ഒടിപി നമ്പറോ, ആപ്പില്‍ നല്‍കാതിരിക്കുക. ആരെങ്കിലും കോള്‍ വിളിച്ചാല്‍ പോലും അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതിരിക്കുക.
സൈബർ തട്ടിപ്പിന് ഇരയായാല്‍ ബന്ധപ്പെടാം
1930
വീട്ടമ്മമാരെയും ഹോട്ടല്‍ ഉടമകളെയും ലക്ഷ്യമിട്ടാണ് സൈബർ തട്ടിപ്പുകാർ ഇപ്പോള്‍ പ്രവർത്തിക്കുന്നത്. തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ബോധവത്ക്കരണം ശക്തമാക്കിയിട്ടുണ്ട്.
കേരള ഹോട്ടല്‍ ആൻഡ് റസ്‌റ്റോറന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി
