പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ കുട്ടികളുടെ പാര്‍ക്കിന് ആലിന്‍ ഷെറിന്റെ പേര് നല്‍കും. പാര്‍ക്കിന്റെ നവീകരണത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.
ഇന്നലെ അവതരിപ്പിച്ച പയ്യന്നൂര്‍ നഗരസഭ ബജറ്റിലാണ് തീരുമാനം. പുതിയ ബസ്‌റ്റാന്റ് തുടര്‍ വികസനത്തിന് മൂന്ന് കോടി രൂപയും അനുവദിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സന്‍ പി.ശ്യാമള അവതരിപ്പിച്ച നഗരസഭ ബജറ്റിലാണ് നിര്‍ദ്ദേശം.
മറ്റ് പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന് 24 കോടി, പൊതു കുളങ്ങളുടെ നവീകരണത്തിന് ഒരു കോടി, താലൂക്ക് ആശുപത്രി ഡയാലിസിന് യൂണിറ്റിന് 2.35 കോടി, തോടുകളുടെ സംരക്ഷണത്തിന് രണ്ട് കോടി, വി. ബി.സി നിര്‍മ്മാണം 70 കോടി, പഴയ ബസ്‌റ്റാന്റ് ടോയ്‌ലറ്റ് നവീകരണം 30 ലക്ഷം,
വനിത വ്യായാമ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തല്‍ 43 ലക്ഷം, ഭിന്നശേഷി സൗഹൃദത്തിന് 67.75 ലക്ഷം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് 42 ലക്ഷം, എസ്. സി. ശ്‌മശാന നവീകരണം 30 ലക്ഷം, വീടുകള്‍ വാസ യോഗ്യമാക്കാന്‍ 69 ലക്ഷം, സ്‌ട്രീറ്റ് ലൈറ്റ് ലൈന്‍ നീട്ടല്‍ 25 ലക്ഷം. ബജറ്റ് സമ്മേളനത്തില്‍ ചെയര്‍പേഴ്‌സന്‍ അഡ്വ സരിന്‍ ശശി അധ്യക്ഷത വഹിച്ചു.
ആകെ 139,62,30, 422 രൂപ വരവും 119,65,59,530 രൂപ ചെലവും 19, 96,70,892 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. എം. രാമകൃഷ്‌ണന്‍, കെ. സീമ, വി.പി.മോഹനന്‍, എം. പ്രദീപന്‍, ടി.വി. ഷീബ, വി.കെ. പി.മുഹമ്മദ് ഇസ്‌മായില്‍, ടി.പി. ഷെരീഫ്, നസീമ, കെ.വി.റീത്ത, സി.വൈശാഖ്, പോത്തേര കൃഷ്‌ണന്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
കൂത്തുപറമ്പ്: കായിക തൊഴില്‍ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഗിരിജ കല്യാടന്‍ അവതരിപ്പിച്ച ബജറ്റിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂള്‍ ആമുഖ ഭാഷണം നടത്തി. സെക്രട്ടറി മുന്ന. പി. സദാനന്ദ് സ്വാഗതം ആശംസിച്ചു. വികസന ദിശാബോധത്തോടെ തയ്യാറാക്കിയ ബജറ്റില്‍ കായിക മേഖലയ്‌ക്ക് 60 ലക്ഷം രൂപയും തൊഴില്‍ മേഖലയ്‌ക്ക് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയ്‌ക്ക് 32 ലക്ഷം രൂപയും മൃഗ സംരക്ഷണ ക്ഷീര മേഖലയ്‌ക്കായി 60 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും തൊഴില്‍ സാദ്ധ്യതകള്‍ വിപുലീകരിക്കുന്നതിനും ഈ വകയിരുത്തലുകള്‍ സഹായകരമാകുമെന്ന് ഭരണ സമിതി വിലയിരുത്തി.
ഭവന പദ്ധതികള്‍, സ്‌ത്രീപക്ഷ നവകേരളം, ആരോഗ്യ സാമൂഹ്യ നീതി പദ്ധതികള്‍, ശുചിത്വമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണ സംവിധാനങ്ങള്‍, ജനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.
അതിദാരിദ്ര്യ നിര്‍മാര്‍ജന തുടര്‍പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി പട്ടിക വര്‍ണ്മ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, തെളിനീര്‍ ഒഴുകും നവകേരളം തുടങ്ങിയ സംരംഭങ്ങള്‍ക്കും ആവശ്യമായ ധനവിനിയോഗം ഉറപ്പാക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടല്‍ മേഖലകളില്‍ 3 ബി എസ് വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായകമായ ഈ ബജറ്റ്, പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലുമുള്ള സമഗ്ര വികസനത്തിന് വഴിതെളിയിക്കുമെന്ന് വൈസ് പ്രസിഡന്റ് ഗിരിജ കല്യാടന്‍ വ്യക്‌തമാക്കി.
കായിക അടിസ്‌ഥാന സൗകര്യങ്ങളുടെ വികസനം, സ്വയംതൊഴില്‍ പദ്ധതികളുടെ വിപുലീകരണം, കാര്‍ഷിക ക്ഷീര മേഖലയിലെ ഉല്‍പ്പാദന വര്‍ധന എന്നിവയാണ് ബജറ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
ബജറ്റ് അവതരണത്തിന് ആശംസകള്‍ നേര്‍ന്ന് പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപന്‍, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ മൂലശ്ശേരി, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആരതി, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി എന്നിവര്‍ സംസാരിച്ചു.
സ്‌ഥിരം സമിതി അധ്യക്ഷരായ കെ. ബിജിഷ്. (വികസനം), ഒ.കെ. അനുരാധ (ക്ഷേമം) എന്നിവരും ഭരണസമിതി അംഗങ്ങളായ എന്‍. സുധീര്‍ബാബു, എം. കലാവതി, എന്‍.വി. ഷിനിജ, കെ. ഷമീജ്, സൗമ്യ കാരായി, മുനീറ സുഹൈര്‍, പി.ഒ രജൂല, എം. ഉഷ, സി.സി സഹില്‍രാജ് എന്നിവരും ബജറ്റിനെ സ്വാഗതം ചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ പി.പി. പവിത്രന്‍ നന്ദി രേഖപ്പെടുത്തി.
സമഗ്ര വികസന കാഴ്‌ചപ്പാടോടെ തയ്യാറാക്കിയ ബജറ്റ് വരും വര്‍ഷങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേഗം പകരുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി.
പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളേയും കോര്‍ത്തിണക്കി ടൂറിസത്തിന് നാട്ടുപച്ച പദ്ധതി നടപ്പിലാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ് 2026-27 വിഭാവനം ചെയ്യുന്നു. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തി.
ജനങ്ങളുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമീണ കലാകായിക ഇനങ്ങളുടെ സീസണല്‍ ഫസ്‌റ്റിവലിനായി ആരവം 2026 എന്ന പേരില്‍ കലാകായിക മേള സംഘടിപ്പിക്കുന്നതിന് 20 ലക്ഷം രൂപ ബഡ്‌ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
24,45,12,157/ രൂപ വരവും 23,54,66,657/ ചെലവും 90,45,500/മിച്ചവും വരുന്ന ബഡ്‌ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി പ്രീത അവതരിപ്പിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോയി അധ്യക്ഷത വഹിച്ചു.
കാര്‍ഷിക മേഖലയ്‌ക്ക് ഊന്നല്‍ നല്‍കിയ ബഡ്‌ജറ്റില്‍ സമൃദ്ധി, ഇടവിള കൃഷി, സസ്യാരോഗ്യ ക്ലിനിക്ക് തുടങ്ങിയവയ്‌ക്കായി 4,51,00,000/ രൂപ വകകൊള്ളിച്ചു. സ്‌ത്രീ പദവി പഠനം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 24 ലക്ഷം രൂപയും ബഡ്‌ജറ്റില്‍ വകയിരുത്തി.
പ്രാദേശിക സാമ്പത്തിക വികസനം മനുഷ്യ വിഭവ ശേഷിക്ക് ബ്ലോക്ക് തല ഇന്നോവേഷന്‍ ക്ലസ്‌റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 81 ലക്ഷം രൂപയും ബഡ്‌ജറ്റില്‍ നീക്കിവെച്ചു.
വയോജനങ്ങളെ പെരിങ്ങോം താലൂക്ക് ആശുപത്രി കേന്ദ്രമായി മൊബൈല്‍ ക്ലിനിക്കിന് 20 ലക്ഷം രൂപയാണ് വകയിരുത്തിയത്.
നമുക്ക് തണലേകിയ ചേര്‍ത്തു പിടിക്കാനായി വയോജന ക്ഷേമത്തിന് 1700000/ രൂപയും, പാര്‍പ്പിട സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ലൈഫ്,പി.എം.എ.വൈ പദ്ധതികള്‍ക്ക് 4 കോടി 34 ലക്ഷം രൂപയും, പട്ടികജാതി പട്ടികവര്‍ണ്മ ഉന്നതികളുടെ സമഗ്ര വികസനം ഉള്‍പ്പെടെ ലക്ഷ്യമിട്ട് പട്ടികജാതി പട്ടികവര്‍ണ്മ ക്ഷേമ പദ്ധതികള്‍ക്കായി 1 കോടി രൂപയും ബഡ്‌ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പെരിങ്ങോം താലൂക്ക് ആശുപത്രി കേന്ദ്രമായി മൊബൈല്‍ ക്ലിനിക്കിന് 20 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷി വിഭാഗത്തിന് കൈത്താങ്ങ് നല്‍കാന്‍ വിവിധ പദ്ധതികള്‍ക്കായി 54, 39,000 രൂപയും കുട്ടികളുടെ ക്ഷേമത്തിനായി 10, 30,000 രൂപയും വകയിരുത്തി.
മാലിന്യ മുക്‌ത നവകേരളം എന്ന ലക്ഷ്യപ്രാപ്‌തിക്കായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ ബഡ്‌ജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഗ്രാമീണ തൊഴില്‍ മേഖലയില്‍ 658910 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടു കൊണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി 25,40139704/ രൂപയുടെ കര്‍മ്മ പദ്ധതി ബഡ്‌ജറ്റില്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്. അടിസ്‌ഥാന സൗകര്യ വികസനത്തിനായി 1,14,11,000/ രൂപയും ബഡ്‌ജറ്റില്‍ മൊബൈല്‍ ക്ലിനിക്കിന് 500000/ ലക്ഷം രൂപ ബഡ്‌ജറ്റില്‍ കൊത്തിയിട്ടുണ്ട്.
സ്‌ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.കമലാക്ഷന്‍, വിജയന്‍ അടുക്കാടന്‍, കെ.ജി.ബിന്ദുമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ശശീന്ദ്രന്‍, അജിത്ത്‌കുമാര്‍ അനക്കം. പി.വി.സുരേന്ദ്രന്‍, രേഷ്‌മ.വി.രാജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
