കണ്ണൂര്‍: വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി മെഗാ അദാലത്തും ജനസംഗമവും സംഘടിപ്പിക്കുമെന്ന് ബിജെപി ഉത്തരമേഖലാ പ്രഭാരി അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ അദാലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കും. പ്രധാനമായും ധര്‍മ്മടം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്കും അവഗണനയ്ക്കുമെതിരെയും പൊതുവേ കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാം.
ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്നóസന്ദേശമാണ് ബിജെപി ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ എത്രയോ കൂടുതലാണ്. യുവാക്കള്‍ ജോലിക്കായി കേരളത്തിന് പുറത്തേക്കോ വിദേശത്തേക്കോ പോകുകയാണ്. പ്രഖ്യാപിച്ചിട്ടും പ്രവൃത്തി വൈകുന്ന റോഡ് വികസനമുള്‍പ്പെടെയുളള അടിസ്ഥാന വികസനം, സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍, ജല്‍ജീവന്‍ മിഷന്‍ നടപ്പിലാക്കാതെ കുടിവെള്ളം നിഷേധിക്കുന്നത്, 70 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ലഭിക്കുന്ന ഇന്‍ഷൂറന്‍സ് നടപ്പിലാക്കാത്തത്, അര്‍ഹതയുള്ള എത്രയോ പേര്‍ക്ക് പിഎംഎവൈ വീട് ലഭിക്കാത്തത് ഇങ്ങനെ നൂറുകണക്കിന് വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്രകൃതി ദത്തമായ മുഴപ്പിലങ്ങാട് ബീച്ചില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ വികസനം കൊണ്ടു വരാത്തതും ആറളം സെറ്റില്‍മെന്റ് കോളനിയില്‍ കഴിഞ്ഞ ദിവസം ആനചവിട്ടിക്കൊന്ന അനീഷ് ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും സുരക്ഷാ സംവിധാനം ഒരുക്കാന്‍ കഴിയാത്തതും മുഖ്യമന്ത്രിയുടെ പരാജയമാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ വിരോധം കൊണ്ട് 16,000 കോടിയുടെ കേന്ദ്രഫണ്ട് ലാപ്‌സാക്കി ജനങ്ങള്‍ക്ക് പദ്ധതികള്‍ നിഷേധിക്കുക കൂടി ചെയ്തവരാണ് സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും വി.കെ. സജീവന്‍ പറഞ്ഞു. മെഗാ അദാലത്തില്‍ വിവിധ കേന്ദ്രപദ്ധതികളുടെ ഹെല്‍പ് ഡസ്‌കുമുണ്ടാകും. ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി, സംസ്ഥാന സമിതിയംഗം എന്‍. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
