കണ്ണൂർ: ബർണശേരിയില്‍ ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബർണശേരിയിലെ എം. രഞ്ജിത്തിനെയാണ് കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും പിടികൂടിയത്.
കണ്ണൂർ ടൗണിലും, ബർണശേരി ഭാഗങ്ങളിലും വ്യാപകമായി ലഹരി വസ്തുക്കള്‍ വില്പന ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ് രഞ്ജിത്തെന്ന് എക്സൈസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് 0.068 ഗ്രാം ബ്രൗണ്‍ ഷുഗർ, അഞ്ചു ഗ്രാം കഞ്ചാവ് എന്നിവയുമായി രഞ്ജിത്തിനെ പിടികൂടിയത്. മയക്ക് മരുന്നുകള്‍ കൈവശം വച്ച കുറ്റത്തിന് ഇയാള്‍ക്കെതിരേ കേസെടുത്തു.
പിടികൂടിയ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനില്‍ കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ എം.കെ. സന്തോഷ്, കെ. സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഇ. സുജിത്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പി.വി. ദിവ്യ എന്നിവരും ഉണ്ടായിരുന്നു.
