Zygo-Ad

ബ്രെയ്‌ലി ലിപിയിലൂടെ ചരിത്രത്തിലേക്ക്; കേരളത്തിലെ ആദ്യ കാഴ്ചപരിമിതിയുള്ള ന്യായാധിപയാകാൻ കണ്ണൂരിലെ സി. തന്യനാഥൻ


കണ്ണൂർ: പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് ഇരുപത്തിനാലുകാരിയായ സി. തന്യനാഥൻ. 

കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനത്തിനായുള്ള പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയാണ് തന്യ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപയാകാൻ ഒരുങ്ങുകയാണ് ഈ മിടുക്കി.

കാഴ്ച പരിമിതിയുള്ളവർക്കും ജുഡീഷ്യൽ സർവീസിൽ അവസരം നൽകണമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് പിന്നാലെയാണ് തന്യയുടെ ഈ വിജയം എന്നത് ശ്രദ്ധേയമാണ്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിവേചനം പാടില്ലെന്ന് ഉത്തരവിട്ടത്.

വിദ്യാഭ്യാസവും കരിയറും:

 സ്കൂൾ പഠനം: കല്യാശ്ശേരി മാങ്ങാട്ടുകാരിയായ തന്യ, ഏഴാം ക്ലാസ് വരെ ധർമശാല മോഡൽ സ്കൂൾ ഫോർ ദി ബ്ലൈൻഡിലും തുടർന്ന് പറശ്ശിനിക്കടവ് ഹൈസ്കൂൾ, മൊറാഴ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും പഠനം പൂർത്തിയാക്കി.

 ഉന്നത പഠനം: 2024-ൽ കണ്ണൂർ സർവകലാശാലയിൽ നിന്നും എൽഎൽ.ബിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.

പ്രാക്ടീസ്: നിലവിൽ തളിപ്പറമ്പ് ബാറിലെ കെ.ജി. സുനിൽകുമാറിന്റെ ജൂനിയറായി അഭിഭാഷകവൃത്തി ചെയ്യുന്നു. ബ്രെയ്‌ലി ലിപിയിലാണ് തന്യ കോടതിയിലെ വാദങ്ങൾക്കുള്ള കുറിപ്പുകൾ തയ്യാറാക്കുന്നത്.

നിയമന ഉത്തരവിനായി കാത്തിരിക്കുന്ന തന്യ, മാങ്ങാട് ശ്രീ അദിത്രിയിൽ പ്രവാസിയായ ജഗന്നാഥന്റെയും ബബിതയുടെയും മകളാണ്. താര ഏക സഹോദരിയാണ്. തന്റെ ആഗ്രഹങ്ങൾക്ക് കരുത്തു പകർന്ന സുപ്രീം കോടതി വിധിയോടും അധ്യാപകരോടും കുടുംബത്തോടും തന്യ കടപ്പെട്ടിരിക്കുന്നു.



Previous Post Next Post