ധർമ്മശാല :മോറാഴ ഒഴക്രോത്ത് പറമ്പ് ശ്രീ തൃക്കോൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ മാല കവർന്ന സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ സി. സി. ടി. വി വീഡിയോ ദൃശ്യങ്ങൾ കണ്ണപുരം പൊലിസിന് ലഭിച്ചു. കഴിഞ്ഞ മാസം ജനുവരി 30നാണ് ക്ഷേത്രോത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ സ്വർണ മാലകൾ അന്നദാന പന്തലിൽ നിന്നും ഒരു മണിക്കൂറിനിടെ നഷ്ടമായത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം . ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം ക്ഷേത്ര പരിസരത്ത് നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ എത്തിയ മോറാഴ, കുട്ടഞ്ചേരി, ഒഴക്രോം പ്രദേശങ്ങളിലെ സ്ത്രീകളുടെ മാലകളാണ് മോഷ്ടാക്കൾ കവർന്നത്. മാല നഷ്ടപ്പെട്ട കാര്യം സ്ത്രീകൾ അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞാണ്. കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായാണ് രണ്ട് സ്ത്രീകളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചത്. തമിഴ്നാട് സ്വദേശിനികളായ സ്ത്രീകളുടെ ഫോട്ടോയാണ് ലഭിച്ചത്. ബസുകളിൽ തിരക്കുള്ള സമയത്ത് കയറി മാലമോഷ്ടിക്കുന്ന സംഘമാണ് ഇവരെന്നാണ് പൊലിസിൻ്റെ നിഗമനം. ഇവരെ കണ്ടെത്തുന്നതിനായി കണ്ണപുരം പൊലിസ് കേസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരെന്ന നിലയിലാണ് പ്രതികൾ തിരക്കുള്ള സമയത്ത് ക്ഷേത്രത്തിലെ അന്നദാന പന്തലിൽ എത്തിയത്. ചൂരിദാറാണ് ഇരുവരുടെയും വേഷം. ക്ഷേത്രത്തിലുണ്ടായിരുന്ന പ്രദേശവാസികൾക്കിടെയിൽ നുഴഞ്ഞുകയറുകയായിരുന്നു ഇവർ. നേരത്തെ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂത്തുപറമ്പിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി വയോധികയുടെ സ്വർണ മാല തട്ടിയെടുത്ത തമിഴ്നാട് സ്വദേശിനി കളെ പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്
