Zygo-Ad

ഫോണിൽ സംസാരിച്ചു നടന്ന പട്ടുവം സ്വദേശിയായ യുവാവ് കിണറ്റില്‍ വീണു: രക്ഷകരായി ഫയര്‍ഫോഴ്സ്


പട്ടുവം: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു. പട്ടുവം സ്വദേശിയായ ആകാശാ(20)ണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടി റോഡിലെ കിണറില്‍ വീണത്. അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്.

സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച്‌ നടക്കവെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. 

കിണറില്‍ കെട്ടിയ നെറ്റില്‍ തങ്ങി നിന്ന ആകാശിനെ തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. 

പരിക്കേറ്റ ആകാശിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 25 അടി ആഴമുള്ള കിണറില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും നെറ്റില്‍ തങ്ങി നിന്നതിനാല്‍ വെള്ളത്തില്‍ പതിച്ചില്ല.

ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ എം.വിനയദാസ്, പി.വി.ലിഗേഷ്, കെ.വി.അനൂപ്, എ.അനൂപ്, സി.പി.രാജേന്ദ്രകുമാര്‍ എന്നിവരും രക്ഷാപ്രവർത്തനസംഘത്തില്‍ ഉണ്ടായിരുന്നു

Previous Post Next Post