പയ്യന്നൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നഗരസഭാ കൗണ്‍സിലർ വി.കെ.നിഷാദ് പരോള്‍ ചട്ടം ലംഘിച്ചതായി ആരോപണം. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്.
ചട്ട ലംഘനം ഇങ്ങനെ
പിതാവിന്റെ മുട്ടുവേദനയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും ചികിത്സാർത്ഥവുമാണ് നിഷാദിന് പരോള്‍ അനുവദിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ പരോളില്‍ ഇറങ്ങുന്ന പ്രതികള്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്നതാണ് പരോള്‍ ചട്ടം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ചു കൊണ്ട് പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെതിരെ തിങ്കളാഴ്ച നടന്ന സി.പി.എം പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് നിഷാദ് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മടങ്ങിയത്.
കേസും പശ്ചാത്തലവും
പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കൂടിയായ നിഷാദിനെതിരെ 20 വർഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതിയുടേതായിരുന്നു വിധി.
ഈക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ കൊമ്മല്‍വയലില്‍ നിന്നും ജനവിധി തേടിയാണ് നിഷാദ് വിജയിച്ചത്. നാമ നിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു കേസിലെ വിധി വന്നത്.
അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്.
ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതെങ്കിലും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായി വിടുതല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വിടുതല്‍ ഹർജി നല്‍കിയിരിക്കുകയാണ് സി.പി.എം.
