കണ്ണൂർ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച പരിഗണന. അന്താരാഷ്ട്ര സ്പോർട്സ് ഹബ്ബ്, നിശാജീവിത സാംസ്‌കാരിക ഇടനാഴി, മൃഗശാല സഫാരി പാർക്ക് തുടങ്ങി വൻകിട പദ്ധതികളാണ് ജില്ലയ്ക്കായി പ്രഖ്യാപിച്ചത്.
പ്രധാന പ്രഖ്യാപനങ്ങൾ:
* സ്പോർട്സ് ഹബ്ബ്: ഫിഫ നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം, ഹോക്കി അരീന, ഫോർ സ്റ്റാർ ഹോട്ടൽ എന്നിവയടങ്ങുന്ന ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബിനായി 10 കോടി രൂപ വകയിരുത്തി.
* സാംസ്‌കാരിക ഇടനാഴി: തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ സ്ഥിരം നിശാജീവിത-സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കാൻ 2.5 കോടി അനുവദിച്ചു. കൂടാതെ പിണറായിൽ സൗത്ത് സോൺ കൾച്ചറൽ സെന്ററിനായി ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
* അടിസ്ഥാന സൗകര്യം: അഴീക്കൽ മലബാർ ഗ്രീൻ ഫീൽഡ് പോർട്ട് വികസനത്തിന് 6.96 കോടിയും, ധർമ്മടം റെയിൽവേ സ്റ്റേഷൻ അണ്ടർപാസ് നിർമ്മാണത്തിന് 5 കോടിയും നീക്കിവെച്ചു.
* വിദ്യാഭ്യാസവും ആരോഗ്യവും: ബ്രണ്ണൻ കോളേജിൽ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിക്കായി 2 കോടിയും, മലബാർ ക്യാൻസർ സെന്ററിന് 50 കോടിയും അനുവദിച്ചു.
* മറ്റ് പദ്ധതികൾ: തളിപ്പറമ്പിൽ മൃഗശാല സഫാരി പാർക്കിന് 4 കോടി, പഴശ്ശി പദ്ധതിക്ക് 13 കോടി, ധർമ്മടം-വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ് പദ്ധതിക്ക് 10 കോടി എന്നിങ്ങനെയാണ് മറ്റു പ്രധാന നീക്കിവെപ്പുകൾ.
കൂടാതെ, തലശ്ശേരിയിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഡീഷണൽ ബെഞ്ച് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
