Zygo-Ad

ആരോഗ്യ സേവനങ്ങള്‍ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക്: 'കണ്ണൂരിന് ഒപ്പം ബേബി':മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു


കണ്ണൂർ: തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി സഹകരിച്ച്‌ തദ്ദേശീയ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും സമൂഹ നന്മയ്ക്കായി ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ 'കണ്ണൂരിന് ഒപ്പം ബേബി' എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ആരോഗ്യ രംഗത്ത് ജനപ്രതിനിധികളുടെ പങ്ക് നിർണായകമാണെന്നും ആശുപത്രികളും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും ഉദ്ഘാടനം നിർവഹിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ജനപ്രതിനിധികളിലൂടെ വാർഡ് തലത്തില്‍ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുക, ഒപി കണ്‍സള്‍ട്ടേഷൻ മുതല്‍ ആശുപത്രിയിലെ വിവിധ സേവനങ്ങള്‍ വരെ പ്രത്യേക ആനുകൂല്യങ്ങളും പരിഗണനകളും ഒരുക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യ ബോധവത്കരണവും മറ്റു സേവനങ്ങളും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംരംഭമെന്നും ജനങ്ങളിലേക്കു നേരിട്ടെത്തി ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളുമായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുന്നോട്ട് പോകുമെന്നും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് നോർത്ത് കേരള ക്ലസ്റ്റർ സിഇഒ നിരൂപ് മുണ്ടയാടൻ പറഞ്ഞു.

മേയർ പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, മെഡിക്കല്‍ അഡ്വെെസർ ഡോ. ഇ.കെ മുഹമ്മദ് അബ്ദുല്‍ നാസർ, ബിസിനസ് ഡെവലപ്മെന്റ് എജിഎം മനോജ്, എജിഎം ഓപ്പറേഷൻസ് ബി.ആർ.പി. ഉണ്ണിത്താൻ, എജിഎം ബിസിനസ് ഓപ്പറേഷൻസ് ജഗതി ജ്യോതിഷ്, ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ മഞ്ജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post