Zygo-Ad

കിണറുകളിലെ ഇന്ധന സാനിധ്യം: ടാങ്കുകളുടെ സമ്മര്‍ദ്ദ പരിശോധന നടപടികള്‍ക്ക് തുടക്കം


കണ്ണൂർ (പള്ളിക്കുന്ന്): കിണർ വെള്ളത്തില്‍ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയില്‍, കണ്ണൂർ സെൻട്രൽ ജയിൽ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ്ദ പരിശോധനയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കം. 

സമ്മർദ്ദ പരിശോധനയുടെ ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യാനാരംഭിച്ചു. 

ഇന്ധനം പൂർണ്ണമായും നീക്കിയ ശേഷം ബുധനാഴ്ചയോടെ ടാങ്കുകളില്‍ വെള്ളം നിറച്ച്‌ സമ്മർദ്ദ പരിശോധന നടത്തും. കെ.വി.സുമേഷ് എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് പ്രവൃത്തിക്ക് തുടക്കമിട്ടത്.

20000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോള്‍ പമ്പില്‍ ഉള്ളത്. ഇവയില്‍ ആദ്യത്തെ ടാങ്കില്‍ നിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്.

 ഈ ടാങ്കിന്റെ സമ്മർദ്ദ പരിശോധന പൂർത്തിയായ ശേഷം വരും ദിവസങ്ങളില്‍ ശേഷിക്കുന്ന രണ്ടു ടാങ്കുകളുടെയും സമ്മർദ്ദ പരിശോധന നടത്തും.

എഡിഎം കലാ ഭാസ്‌കറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ മുഴുവന്‍ ടാങ്കുകളുടെ സമ്മർദ്ദ പരിശോധന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

കിണർ വെള്ളത്തില്‍ ഇന്ധന സാന്നിധ്യമുണ്ടെന്ന ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയില്‍ കെ.വി സുമേഷ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പള്ളിക്കുന്ന് ഡിവിഷൻ കൗണ്‍സിലര്‍ ദീപ്തി വിനോദ്, നാലാം ഡിവിഷൻ കൗണ്‍സിലർ പി.മഹേഷ്, ജയില്‍ സൂപ്രണ്ട് കെ.വേണു, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ടി.സന്തോഷ്, പ്രദീപ്കുമാർ, ഇന്ത്യൻ ഓയില്‍ കോർപറേഷൻ സെയില്‍സ് മാനേജർ കെ.ഹസീബ്, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.സി.ശ്രീജിത്ത് എന്നിവർ സന്നിഹിതരായി.

Previous Post Next Post