കണ്ണൂർ :കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശത്തെ ബസ് സ്റ്റോപ്പ് മുന്നറിയിപ്പില്ലാതെ മാറ്റിയതിനാൽ ജനങ്ങൾ നെട്ടോട്ടം ഓടേണ്ടിവന്നു. ഇന്നലെ രാവിലെ ബസ് കാത്തിരിക്കാനെത്തിയ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്. ചൊവ്വാഴ്ച വരെ കാത്തുനിന്ന ബസ് വെയ്‌റ്റിംഗ് ഷെൽട്ടറിലേക്ക് ഇന്നും ആളുകൾ വന്ന് ബസിന് കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് ബസ് സ്റ്റോപ്പ് മുന്നിലേക്ക് മാറ്റിയ വിവരം അറിയുന്നത്. ഇതോടെ ബസ്സുകൾക്ക് പിന്നാലെ ജനങ്ങൾ ഓടേണ്ട അവസ്ഥയിലാണ്.
സാധാരണ ഗതിയിൽ ആഴ്‌ചകൾക്ക് മുമ്പ് തന്നെ മാധ്യമങ്ങളിലൂടെ ബസ് സ്റ്റോപ്പ് മാറ്റുന്ന കാര്യം ജനങ്ങളെ അറിയിക്കാറുണ്ട് അവിടെ ബോർഡ് സ്ഥാപിക്കുകയും ചെയ്യും. ട്രാഫിക് പോലീസിന്റെ ജീപ്പും നാലഞ്ച് പോലീസുകാരും സംഭവസ്ഥലത്തുണ്ടായിരുന്നു. ജനങ്ങളുടെ പ്രയാസം പരിഹരിക്കുന്നതിന് പകരം അവിടെ നിർത്തുന്ന ബസ്സുകൾക്ക് ഫൈൻ അടിക്കാനാണ് പോലീസുകാർക്ക് കൂടുതൽ താൽപര്യമെന്ന് യാത്രക്കാർ പറയുന്നു.
ഒമാർസ് ഇൻ ഹോട്ടലിൻ്റെ മുൻവശത്തേക്കാണ് ബസ് സ്റ്റോപ്പ് മാറ്റിയിരിക്കുന്നത്. ഇതറിയാതെ ഇവിടെ പാർക്ക് ചെയ്‌തിരുന്ന ബൈക്കുകാർക്ക് ഫൈൻ അടിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. സാധാരണഗതിയിൽ ആർടിഒ, പോലീസ്, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവർ കുടിയിരുന്ന് ആലോചിച്ചാണ് ബസ് സ്റ്റോപ്പ് മാറ്റങ്ങൾ ഉണ്ടാക്കാറുള്ളത്. എന്നാൽ ഇതൊന്നും ഇവിടെ നടന്നില്ലെന്നും പരാതിയുണ്ട്
