നീലേശ്വരം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോഴിക്കോട് സോൺ സംഘടിപ്പിച്ച കായിക മേള 'ആയുർ അത്‌ലണിൽ' കണ്ണൂർ ജില്ലയ്ക്ക് ചരിത്ര വിജയം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ 280 പോയിന്റുകൾ നേടി പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് കണ്ണൂർ ടീം ഹാട്രിക് കിരീടം ചൂടിയത്.
കോഴിക്കോട് സോണിന് കീഴിലുള്ള കണ്ണൂർ, വയനാട്, കോഴിക്കോട്, ആതിഥേയരായ കാസർഗോഡ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് കായിക മേളയിൽ മാറ്റുരച്ചത്. വിവിധ അത്‌ലറ്റിക് ഇനങ്ങളിലും ഗെയിംസുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണൂർ ടീം, തുടക്കം മുതൽ തന്നെ പോയിന്റ് നിലയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു.
ആയുർവേദ ഡോക്ടർമാരുടെ കായികക്ഷമതയും ഒത്തൊരുമയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച മേള വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
