കണ്ണൂര്‍: രാഷ്ട്രപിതാവ് സ്ഥാനത്ത് നിന്ന് മഹാത്മ ഗാന്ധിയെ നീക്കം ചെയ്ത് ഗാന്ധി ഘാതകനെ പ്രതിഷ്ഠിക്കുന്ന കാലം അതി വിദൂരമല്ലെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
ഏത് സമയവും ഈയൊരു പ്രഖ്യാപനം പ്രതീക്ഷിക്കേണ്ടതാണെന്നും ഗാന്ധിയുടെ പേര് തന്നെ ഭയപ്പെടുന്നവരാണ് കേന്ദ്ര ഭരണാധികാരികളെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ഗാന്ധി നിന്ദക്കുമെതിരെ കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിനും മതേതരത്വത്തിനും സ്വാതന്ത്ര്യത്തിനുമെതിരായി പരസ്യമായ യുദ്ധമാണ് കേന്ദ്രം നടത്തുന്നത്. ഭരണ കൂട ഭീകരതയാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താക ഉയര്‍ന്നു വരണം. രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഛിന്നഭിന്നമാക്കി മത ഏകാധിപത്യ രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ഇ പി ആര്‍ വേശാല, യു ബാബുഗോപിനാഥ്, എം ഉണ്ണികൃഷ്ണന്‍, കെ എം വിജയന്‍, ടി കെ എ ഖാദര്‍, രാജേഷ് മാത്യു പുതുപ്പറമ്പില്‍, കെ സി അബ്ദുല്‍ ഖാദര്‍, സന്തോഷ് വി കരിയാട്, എന്‍ സി ടി ഗോപീകൃഷ്ണന്‍, റനീഷ് മാത്യു, തൃപ്തി ടീച്ചര്‍ പ്രസംഗിച്ചു.

