തോട്ടട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിന്റെ മറവിൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും സി.പി.ഐ.(എം) പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കുന്നതിലും പ്രതിഷേധിച്ച് ഇടതു ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) പ്രവർത്തകർ ഏഴരയിൽ പ്രതിഷേധ പ്രകടനവും കുറ്റിക്കകം മുനമ്പിൽ പൊതുയോഗവും നടത്തി.
തിരഞ്ഞെടുപ്പിന് പിന്നാലെ മുസ്ലീം ലീഗുകാർ സി.പി.ഐ.(എം) പ്രവർത്തകരുടെ വീടുകൾക്ക് മുമ്പിലേക്ക് പടക്കമെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെ, ഇടതുപക്ഷ അനുഭാവികൾക്ക് നേരെ വ്യാപകമായ ഭീഷണിയും അസഭ്യവർഷവും തുടരുന്ന സാഹചര്യത്തിലാണ് എൽ.ഡി.എഫ്. പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഏഴര തോലൻമുക്കിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കുറ്റിക്കകം മുനമ്പ് ബസ് സ്റ്റോപ്പിലാണ് സമാപിച്ചത്. തുടർന്ന് നടന്ന പൊതുയോഗത്തിൽ എം. ബാബു അധ്യക്ഷത വഹിച്ചു.
