Zygo-Ad

കോർപ്പറേഷൻ്റെ ‘ആശ്വാസം’ തെരുവുപട്ടികൾക്കോ?ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറി സമുച്ചയം മാസങ്ങളായി ഉപേക്ഷിച്ച് കണ്ണൂർ കോർപറേഷൻ


കണ്ണൂർ ∙ നഗരത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ കണ്ണൂർ കോർപറേഷൻ വീണ്ടും ഗുരുതരമായ അനാസ്ഥ കാട്ടുന്നുവെന്നാരോപണം. എടക്കാട് സോണൽ 36-ാം ഡിവിഷനിലെ കിഴുന്ന് സമാജ്‌വാദി ഉന്നതിയിൽ ‘ആശ്വാസ്’ പദ്ധതിപ്രകാരം കോടികൾ മുടക്കി പണിത ശുചിമുറി സമുച്ചയം മാസങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. ഉപയോഗിക്കാനാവാത്ത നിലയിൽ പൂട്ടിക്കിടക്കുന്ന ഈ കെട്ടിടം ഇപ്പോൾ തെരുവുപട്ടികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.

2024-25 സാമ്പത്തിക വർഷത്തിലെ ‘അമൃത് 1.0’ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ ആയിരുന്നു ശുചിമുറി സമുച്ചയം നിർമിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഏഴ് വീതം ആകെ 14 ശുചിമുറികളാണ് പണിതിട്ടുള്ളത്. നിലവിലുള്ള പഴയ ശുചിമുറിയുടെ നവീകരണവും അറ്റകുറ്റപ്പണിയും നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ സമുച്ചയം നിർമ്മിച്ചത്.

എന്നാൽ പണി പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ്‌ലൈൻ കണക്ഷൻ പോലും നൽകിയിട്ടില്ല. സമീപത്ത് മറ്റ് ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സമാജ്‌വാദി ഉന്നതിയിലെ തൊണ്ണൂറോളം കുടുംബങ്ങൾ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വെളിമ്പറമ്പിലേയ്ക്ക് പോകേണ്ടിവരുന്ന അവസ്ഥയാണ്.

ഇതിനിടെ, ഉപയോഗിക്കപ്പെടാതെ പൂട്ടിക്കിടക്കുന്ന കെട്ടിടം തെരുവുപട്ടികളുടെ വിഹാരമായതോടെ പ്രദേശവാസികൾക്കും ഭീതിയാണ്. പട്ടികളെ ഭയന്ന് ആരും സമീപത്തേക്ക് പോകാൻ പോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ലക്ഷങ്ങൾ മുടക്കി നിർമിച്ച പൊതുസൗകര്യം അവഗണനയും കെടുകാര്യസ്ഥതയും മൂലം നശിക്കുന്നനേരത്ത് കോർപറേഷന്റെ യു.ഡി.എഫ് ഭരണസമിതി അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. സമാജ്‌വാദി ഉന്നതിയിലെ 90-ഓളം കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ശുചിമുറി സൗകര്യം ഒരുക്കാനായിരുന്നു സംസ്ഥാന സർക്കാർ തയ്യാറാക്കിയ പദ്ധതി. എന്നാൽ കോർപറേഷന്റെ നിലപാടാണ് പദ്ധതി തുരങ്കംവയ്ക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.

Previous Post Next Post