കണ്ണൂർ: സംസ്ഥാനത്തിന്റെ അഭിമാനമായ കേരള പൊലീസ് രാജ്യത്തിലെ മികച്ച പൊലീസ് സേനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുൻതൂക്കം നൽകുന്ന സേനയാണ് കേരള പൊലീസ് എന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിലെ ബാഹ്യ സമ്മർദ്ദങ്ങൾ അവസാനിപ്പിക്കാനും, നിഷ്പക്ഷമായും നിർഭയമായും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ പൊലീസിനെ മാറ്റാനും സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ മാങ്ങാട്ട് പറമ്പിൽ നടന്ന പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
