Zygo-Ad

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി രംഗത്തേക്ക് പി.പി ദിവ്യയ്ക്കു പകരം അനുശ്രീ മത്സര രംഗത്തേക്ക്


കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തില്‍ എല്‍.ഡിഎഫ് സ്ഥാനാർത്ഥി നിർണയം തെളിയുന്നു. എസ്. എഫ്. ഐ യുടെ തീപ്പൊരി നേതാവ് കെ.അനുശ്രീ ഇക്കുറി മത്സര രംഗത്തിറങ്ങും. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻ്റായ കെ. അനുശ്രി മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ നിന്നാണ് വിദ്യാർത്ഥി സംഘടനാ നേതൃതലത്തിലെത്തിയത്.

മുൻ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായി പാർട്ടി അച്ചടക്കനടപടി നേരിട്ടു തരം താഴ്ത്തപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ യ്ക്ക് ഇക്കുറി മത്സരിക്കാൻ അവസരമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഇതോടെയാണ് പി.പി ദിവ്യയ്ക്കു പകരം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീയെ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം ഉയർത്തിക്കാട്ടുന്നത്. 

സി.പി.എം ഉരുക്കുകോട്ടയായ പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ ജനവിധി തേടുക. നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് അനുശ്രീ. പുതുമുഖങ്ങളെ അണിനിരത്തിയാണ് സി.പി.എംഇക്കുറി കണ്ണൂർ ജില്ലാ പഞ്ചായത്ത് നിലനിർത്താൻ ഒരുങ്ങുന്നത്.

ജയിച്ചാല്‍ അനുശ്രീ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും. നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.കെ രത്നകുമാരി മത്സരിക്കാൻ താല്‍പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി നിലവിലുള്ള വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ജനവിധി തേടും. ഇരിട്ടി സ്വദേശിയായ ബിനോയ് കുര്യൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്. നേരത്തെ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിനോയ് കുര്യൻ സണ്ണി ജോസഫിനോട് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡൻ്റും ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ ഭാരവാഹിയുമായിരുന്നു. 

ജില്ലാ പഞ്ചായത്തിലേക്ക് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എം.സുരേന്ദ്രൻ്റെയും കെ.വി ഗോപിനാഥിൻ്റെയും പേർ ഉയർന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ബിനോയ് കുര്യനെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതു ശനിയാഴ്ച്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗവും അംഗീകരിച്ചു. അതേ സമയം എല്‍.ഡി.എഫ് സീറ്റു വിഭജനം അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. സി.പി.ഐ, കേരള കോണ്‍ഗ്രസ് എം , കോണ്‍ഗ്രസ് എസ്, ഐ.എൻ.എല്‍ എന്നീ പാർട്ടികളുമായാണ് സീറ്റ് വിഭജന ചർച്ച നടത്തി വരുന്നത്.

Previous Post Next Post