കണ്ണൂർ: ദേവസ്വം, തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.
ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിഷേധിച്ചായിരുന്നു യുവമോർച്ചയുടെ നടപടി.
വ്യാഴാഴ്ച, രാവിലെ ഒൻപതരയോടെ അഴീക്കല്‍ തുറമുഖത്ത് വികസന സദസ്സില്‍ പങ്കെടുക്കുന്നതിനായി പോയ മന്ത്രി വി എൻ വാസവന്റെ വാഹന വ്യൂഹത്തിന് നേരെയാണ് യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
അതിവേഗത്തില്‍ പോലീസ് എസ്കോർട്ടോടെ പോവുകയായിരുന്ന മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പടന്നപ്പാലം റോഡില്‍ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വി എൻ വാസവൻ രാജി വെക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
'കാട്ടു കള്ള വാസവാ രാജി വെച്ചു പുറത്തു പോ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്..
അതിവേഗതയില്‍ പാഞ്ഞു പോയ മന്ത്രിയുടെ വാഹനത്തിന് നേരെ സെക്കൻഡുകള്‍ മാത്രമേ കരിങ്കൊടി കാണിക്കാൻ പ്രതിഷേധക്കാർക്ക് സാധിച്ചുള്ളൂ.
