പയ്യന്നൂർ: രണ്ടു പേരില്‍ നിന്ന് ഓണ്‍ലൈൻ തട്ടിപ്പിലൂടെ അഞ്ചേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതികളില്‍ പയ്യന്നൂർ പോലീസ് കേസെടുത്തു.
കോറോം സ്വദേശി സ്വാസ്തിക് നാരായണൻ, ഏഴിമല നാവിക അക്കാഡമിയിലെ ജീവനക്കാരൻ സൗമ്യ രാജൻ ദാസ് എന്നിവരുടെ പരാതികളിലാണ് പോലീസ് കേസെടുത്തത്.
ഇൻസ്റ്റാഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു സ്വാസ്തിക് നാരായണനെ ചതിച്ചത്.
തട്ടിപ്പുകാർ നല്‍കിയ ടാസ്കുകള്‍ ചെയ്തതിലൂടെ കഴിഞ്ഞ ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി ഇയാളുടെ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാരിലേക്ക് ഒഴുകിപ്പോയത് 2,52,000 രൂപയാണ്.
ഇതേ തുടർന്നാണ് മുതലും വാഗ്ദാനം നല്‍കിയ ലാഭവും നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തത്.
ആർബിഎല്‍ ക്രെഡിറ്റ് കാർഡ് വിഭാഗം കസ്റ്റമർ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ സന്ദേശമാണ് നാവിക അക്കാഡമി ജീവനക്കാരനെ കുടുക്കിയത്.
ഫോണിലൂടെ അയയ്ക്കുന്ന ഫയല്‍ ഇൻസ്റ്റാള്‍ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഈ ഫയല്‍ ഇൻസ്റ്റാള്‍ ചെയ്തപ്പോഴേക്കും പരാതിക്കാരന്‍റെ രണ്ടു ക്രെഡിറ്റ് കാർഡുകളിലുണ്ടായിരുന്ന 3,28,663 രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.