Zygo-Ad

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗവും പോലീസ് റിപ്പോർട്ടും


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും സമഗ്ര അന്വേഷണം നടന്നതാണെന്നുമാണ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയെ പ്രതിഭാഗവും പോലീസും എതിര്‍ത്താണ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്.

തുടരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പി.പി ദിവ്യ വാദിച്ചു. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. 

കേസ് വിശദമായ വാദത്തിനായി ഈ മാസം 23ലേക്ക് മാറ്റി. ഹര്‍ജിയുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ നല്‍കിയ ഹര്‍ജി ആണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു. പ്രതിക്ക് അനുകൂലമായാണ് പൊലീസ് അന്വേഷണം എന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ വാദിച്ചിരുന്നത്.

അന്വേഷണ പരിധിയിലുള്ള മുഴുവന്‍ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചു. ബോധപൂർവം ചില മൊഴികള്‍ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ വാദം തെറ്റെന്നും റിപ്പോർട്ടില്‍ പറയുന്നു.

യാത്രയയപ്പിന് ശേഷം നവീൻ ബാബു കണ്ണൂർ ജില്ലാ കളക്ടറുടെ റൂമിലെത്തി തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞെന്ന് റിപ്പോർട്ടില്‍ പറയുന്നു. 

അന്വേഷണത്തില്‍ അപാകത ആരോപിച്ച്‌ കുടുംബം നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയതാണ്.

അതിനാല്‍ കുടുംബത്തിന്‍റെ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളണമെന്നും പോലീസ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജു കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Previous Post Next Post