Zygo-Ad

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം മുതല്‍ കണ്ണൂര്‍ ജില്ലയിലെ ശര്‍ക്കര നിരോധനം വരെ; ഈ ആഴ്‌ചയിലെ വ്യാജ പ്രചാരണങ്ങള്‍


വ്യാജ പ്രചാരണങ്ങള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. ഈ ആഴ്‌ചയില്‍ ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും എക്‌സും അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ കണ്ട ചില തെറ്റായ പ്രചാരണങ്ങള്‍ വിശദമായി നോക്കാം.

പ്രചാരണം- 1

കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര അഥവാ വെല്ലം നിരോധിച്ചു എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കറങ്ങിനടന്ന ഒരു പ്രചാരണം. ഇതിന് തെളിവായി ഒരു പത്ര വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുമുണ്ടായിരുന്നു. 'മാരകമായ വിഷം, കണ്ണൂര്‍ ജില്ലയില്‍ വെല്ലം നിരോധിച്ചു'- എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. 

കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ശര്‍ക്കരയില്‍ അതി മാരകമായ രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശര്‍ക്കര നിരോധിച്ചത് എന്നും ആ പത്ര വാര്‍ത്തയില്‍ വിശദീകരിക്കുന്നു.

വസ്‌തുത

എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ ശര്‍ക്കര നിരോധനം സംബന്ധിച്ചുള്ള പ്രചാരണത്തിന്‍റെ വസ്‌തുത മറ്റൊന്നാണ്. 2019ലെ പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് വ്യാജ പ്രചാരണത്തിനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര അഥവാ വെല്ലത്തിന് നിലവില്‍ നിരോധനമൊന്നുമില്ല.

പ്രചാരണം- 2

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്ബളവും പെന്‍ഷനും സംബന്ധിച്ചായിരുന്നു മറ്റൊരു സോഷ്യല്‍ മീഡിയ പ്രചാരണം. 'കാലാവധി പൂര്‍ത്തിയാകാതെ മത്സരിക്കുന്നവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

 മൂന്ന് തവണയെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രം പെന്‍ഷന്‍. എംഎല്‍എമാര്‍ക്കും, മന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിക്കും ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം. 

ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാന്‍ അനുവദിക്കില്ല കരുത്തനായ ഭരണാധികാരി'- എന്നെഴുതിയിരിക്കുന്ന കാര്‍ഡാണ് വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്നത്.

വസ്‌തുത

ഇന്ത്യയില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഏകീകൃത ശമ്പളം, അവരുടെ പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച്‌ പ്രചരിക്കുന്ന കാര്‍ഡിലെ വിവരങ്ങളെല്ലാം തെറ്റാണ്. വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെയും എംഎഎല്‍എമാരുടെയും ശമ്ബളം വ്യത്യസ്‌തമാണ്.

 ഓരോ സംസ്ഥാനത്തും മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്‌പീക്കര്‍, ഡപ്യൂട്ടി സ്‌പീക്കര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ ശമ്പളവും ആനുകൂല്യവും തീരുമാനിക്കാനുള്ള അധികാരം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

 പെന്‍ഷന്‍റെ കാര്യത്തിലും നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് തെളിഞ്ഞു. ഈ തെറ്റായ പ്രചാരണം ഫേസ്ബുക്കില്‍ മുന്‍ വര്‍ഷങ്ങളിലുമുണ്ടായിരുന്നതാണ്.

പ്രചാരണം-3

'ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ്, രജിസ്‌ട്രേഡ് പോസ്റ്റ് സംവിധാനം 2025 സെപ്റ്റംബര്‍ 1 മുതല്‍ അവസാനിപ്പിക്കുന്നു'- എന്നതാണ് ഈ ആഴ്‌ച വ്യാപകമായ മറ്റൊരു പ്രചാരണം.

വസ്‌തുത

രജിസ്ട്രേഡ് പോസ്റ്റ് സൗകര്യം നിര്‍ത്തലാക്കിയിട്ടില്ല എന്ന് പോസ്റ്റല്‍ വകുപ്പ് തന്നെ എക്‌സ് പോസ്റ്റിലൂടെ ഓഗസ്റ്റ് ഏഴിന് സ്ഥിരീകരിച്ചിട്ടുണ്ട്. 

രജിസ്ട്രേഡ് പോസ്റ്റ് നിര്‍ത്തലാക്കുകയല്ല, അതിനെ സ്‌പീഡ് പോസ്റ്റ് സംവിധാനവുമായി സംയോജിപ്പിക്കുകയാണ് ചെയ്‌തതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിന്‍റെ വിശദീകരണത്തിലും പറയുന്നു. 

രജിസ്ട്രേഡ് പോസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണമാണ് എന്ന് ഇതില്‍ നിന്ന് വ്യക്തം.

Previous Post Next Post