കണ്ണൂർ: സെൻട്രല്‍ ജയിലിലേക്ക് മൊബൈലും ലഹരിയും എത്തിക്കുന്ന സംഘത്തെ നിയന്ത്രിക്കുന്നത് മുൻ തടവുകാരായ ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമെന്ന് വെളിപ്പെടുത്തൽ. ഇവരുടെ നേതൃത്വത്തില്‍ ജയിലിന് പുറത്ത് വലിയ ശൃംഖലയാണ് ഉള്ളത്.
ജയിലില്‍ എത്തുന്ന സന്ദർശകരെ ആണ് മൊബൈലും ലഹരി വസ്തുക്കളും എറിയേണ്ട സമയവും സ്ഥലവും നിശ്ചയിച്ച് അറിയിക്കുക. ഫോണിലൂടെയും ജയിലില്‍ നിന്ന് പുറത്തേക്ക് ആശയ വിനിമയം നടക്കും.
ലഹരി മരുന്നുകളും, മദ്യവും ജയിലിനകത്ത് തടവുകാർക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഫോണ്‍ എറിഞ്ഞുനല്‍കുന്നതിനിടെ പിടിയിലായ അക്ഷയ്‌യില്‍ നിന്നാണ് നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത് .
സെൻട്രല്‍ ജയിലില്‍ മൊബൈല്‍ എത്തിക്കാൻ കൂലി ഉണ്ടെന്ന് അക്ഷയ് നേരത്തെ മൊഴി നല്‍കിയിരുന്നു.
മൊബൈല്‍ എറിഞ്ഞ് നല്‍കിയാല്‍ 1000 മുതല്‍ 2000 വരെ കൂലി ലഭിക്കും. ജയിലിനകത്തെ അടയാളങ്ങള്‍ നേരത്തെ അറിയിക്കും. ആഴ്ചയില്‍ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നുമാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി.
