കണ്ണൂർ: പാപ്പിനിശ്ശേരി കേന്ദ്രമാക്കിയുള്ള ആയിഷ ഗോൾഡിന്റെ നിക്ഷേപ പദ്ധതിയിൽ പണവും സ്വർണവും നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതായി നിക്ഷേപകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാർ, വീട്ടമ്മമാർ, വിവിധ തൊഴിലാളികൾ, പ്രവാസികൾ തുടങ്ങിയവരിൽ നിന്നും നിക്ഷേപമായി 10 കോടി രൂപയും അതിലേറെ സ്വർണവും ജ്വല്ലറി ഉടമകൾ തട്ടിയെടുത്തിരിക്കുകയാണെന്നാണ് ആരോപണം.
ആയിരത്തിലേറെ പേർ കബളിപ്പിക്കപ്പെട്ടതായും 73 പേർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
പരാതി നൽകിയവരുടെ മാത്രം 10 കോടിയോളം രൂപ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 900 രൂപ ലാഭം നൽകാമെന്നും കൈയിലുള്ള പഴയ സ്വർണം നിക്ഷേപിച്ചാൽ പണിക്കൂലിയില്ലാതെ പുതിയ സ്വർണം തിരിച്ചെടുക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പണം പിരിച്ചത്. ഉടമ 2021ൽ മരണപ്പെടുന്നത് വരെ ഡിവിഡന്റ് കൃത്യമായി നൽകിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.
2021ന് ശേഷം ആർക്കും ഡിവിഡന്റ് കിട്ടാതെയായതിനെ തുടർന്നാണ് പരാതിയുടെ തുടക്കം. എഴുപതിലേറെ പേരാണ് പരാതിയുമായി രംഗത്തുവന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തക സാജിത ഹാരിസ, പണം നഷ്ടപ്പെട്ട നിക്ഷേപകരായ കെ.വി സറീന, കെ. ഹസീന, വി.പി സത്യൻ എന്നിവർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.