Zygo-Ad

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജഡ്ജി ചമഞ്ഞ് തട്ടിപ്പ്: കണ്ണൂർ ചിറക്കല്‍ സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍

 


കണ്ണൂർ: ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍ .കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗേഷ്, മാന്നാര്‍ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

വെഞ്ഞാറമൂട് കേരള ബാങ്കില്‍ കുടിശ്ശിക ഉള്ള 10 ലക്ഷം രൂപയുടെ ലോണ്‍ ക്ലോസ് ചെയ്ത ശേഷം പ്രമാണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ ദമ്പതികളെ പറ്റിച്ചത്.

ആറു ലക്ഷം രൂപയാണ് ഇത്തരത്തില്‍ പ്രതികള്‍ ദമ്പതികളില്‍ നിന്നും കൈവശപ്പെടുത്തിയത്. പ്രതികളില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണും തട്ടിപ്പിന് ഉപയോഗിച്ച വാഹനവും പണവും കണ്ടെടുത്തു.

കണ്ണൂര്‍ ,തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും സമാനമായ തട്ടിപ്പുകള്‍ നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് സംഘം നേരത്തെയും പണം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

നിയമനത്തിനായുള്ള വ്യാജ രേഖകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയിട്ടുള്ളുവെന്ന് ജഡ്ജിയായി ചമഞ്ഞു വന്ന ജിഗേഷ് പൊലീസിനോട് വെളിപ്പെടുത്തി.

Previous Post Next Post