Zygo-Ad

'നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്';കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി: പി.പി. ദിവ്യയുടെ അഭിഭാഷകൻ


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു.

നവീൻ ബാബു കൈക്കൂലി വാങ്ങിയതായി തെളിവുകളുണ്ടെന്നും കുറ്റപത്രം ദിവ്യയുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.

നവീൻ ബാബു കൈക്കൂലി വാങ്ങിയതായി സമ്മതിച്ചതായി കണ്ണൂർ കലക്ടർ അരുണ്‍ കെ വിജയൻ നല്‍കിയ മൊഴി നിർണായകമാണെന്ന് അഡ്വ. വിശ്വൻ ചൂണ്ടിക്കാട്ടി.

 ഈ മൊഴി, കൈക്കൂലി ആരോപണത്തെ പിന്തുണയ്ക്കുന്ന മറ്റ് തെളിവുകളോടൊപ്പം, ദിവ്യയ്ക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം വാദിച്ചു. 

കുറ്റപത്രം, വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ കലർത്തി ദിവ്യയ്ക്കെതിരെ ആരോപണങ്ങള്‍ ഉയർത്താൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

നവീൻ ബാബു തെറ്റ് ചെയ്തതായി സമ്മതിച്ചതായി കലക്ടർ മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരം അദ്ദേഹം റവന്യൂ മന്ത്രി കെ രാജനെ അറിയിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. 

എന്നാല്‍, നവീൻ ബാബുവിന്റെ മരണത്തിന് പി പി ദിവ്യ മാത്രമാണ് ഉത്തരവാദിയെന്നാണ് കുറ്റപത്രം ആരോപിക്കുന്നത്. ദിവ്യ, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗം ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post