കണ്ണൂര്‍:കർണാടക സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിൻ്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരിൽ എൻ.ഐ.എയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകനായ അബ്‌ദുൽ റഹ്‌മാൻ എന്നയാളാണ് പിടിയിലായത്. ഖത്തറിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
രണ്ട് വർഷത്തോളമായി ഒളിവിലായിരുന്നു അബ്‌ദുൽ റഹ്‌മാനെന്ന് എൻഐഎ അറിയിച്ചു. റഹ്‌മാനും ഒളിവിലുള്ള മറ്റ് രണ്ട് പേരുൾപ്പെടെ നാല് പ്രതികളെ എൻഐഎ ഈ വർഷം ഏപ്രിലിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുറ്റപത്രത്തിൽ ആകെ 28 പേരാണ് ഉള്ളത്. ഒളിവിലുള്ള ആറ് പേരെക്കുറിച്ചുള്ള വിവരങ്ങൾക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റഹ്‌മാനെ പിടികൂടുന്നതിനായി നാല് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.