മെര്‍ക്കുറിയുടെ സാന്നിധ്യമുള്ള സൗന്ദര്യവര്‍ധക ക്രീമുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഡ്രഗ് റെഗുലേഷന്‍ പാനലിന്റെ നിര്‍ദ്ദേശം നടപ്പിലായാല്‍ നിലവില്‍ വിപണിയിലുള്ള പല പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പിന്‍വലിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. മെര്‍ക്കുറി
അടങ്ങിയ ക്രീമുകള്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നതിന് പുറമെ തലച്ചോര്‍, നാഡീവ്യവസ്ഥ, ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ പരിശോധന നടത്തിവരുന്നുണ്ട്.
മെര്‍ക്കുറിക്കെന്താ കുഴപ്പം
സൗന്ദര്യ വര്‍ധക ക്രീമുകള്‍, ഐ മേക്കപ്പ്, ആന്റി ഏജിംഗ് ക്രീമുകള്‍ എന്നിവയില്‍ പെട്ടെന്ന് ഫലം കിട്ടാനായി മെര്‍ക്കുറി ചേര്‍ക്കാറുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇവ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. തൊലിപ്പുറത്തെ തടിപ്പുകള്‍, നിറം മാറ്റം, ചര്‍മ്മത്തിലെ പാടുകള്‍, ഓര്‍മ്മക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായുണ്ടാകും. ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കുടുംബത്തിലെ ഒരാളുടെ ഉപയോഗം മൂലം മറ്റുള്ളവരിലേക്കും ഈ രോഗലക്ഷണങ്ങള്‍ പകരാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ചെറിയ കുട്ടികള്‍ എന്നിവരെയാണ് കൂടുതല്‍ ബാധിക്കുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളിലെ അപകടകരമായ വസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
നിലവിലെ നിയമമെന്ത്?
കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന കണ്‍മഷി പോലുള്ള വസ്തുക്കളില്‍ 70 പാര്‍ട്‌സ് പെര്‍ മില്യന്‍ (പി.പി.എം) വരെ മെര്‍ക്കുറി ഉപയോഗിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. മറ്റുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ 1 പി.പി.എമ്മാണ് അനുവദനീയ അളവ്. എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും 1 പി.പി.എമ്മില്‍ കൂടുതല്‍ മെര്‍ക്കുറി ചേര്‍ക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യ ആരോഗ്യത്തിന് ഭീഷണിയായ മെര്‍ക്കുറിയുടെ ഉപയോഗം കുറയ്ക്കണമെന്ന മിനാമാത്ത (Minamata) അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി
എന്തായിരിക്കും മാറ്റം?
ഇത്തരമൊരു നയം നടപ്പിലായാല്‍ സൗന്ദര്യവര്‍ധക ക്രീമുകളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യമില്ലെന്ന് നിര്‍മാണ കമ്പനികള്‍ക്ക് സത്യവാങ്മൂലം നല്‍കേണ്ടി വരും. നിര്‍മാണ യൂണിറ്റുകള്‍, ലാബുകള്‍, വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അപ്രതീക്ഷിത പരിശോധനയും പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും ലഭിക്കുമെന്നുമാണ് സൂചന. മെര്‍ക്കുറിയുടെ ഉപയോഗം കുറക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പെടാതിരിക്കാന്‍
സൗന്ദര്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി മനസില്‍ വെക്കുന്നത് നല്ലതാണ്. ലേബല്‍ നോക്കി മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങാവൂ. എന്തൊക്കെയാണ് ചേര്‍ത്തിരിക്കുന്നതെന്ന് ലേബലില്‍ വ്യക്തമാക്കാത്ത ഒരു ക്രീമും വാങ്ങരുത്. മെര്‍ക്കുറസ് ക്ലോറൈഡ്, കലോമെല്‍, മെര്‍ക്കുറിക് അയഡൈഡ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളും ഒഴിവാക്കണം. മെര്‍ക്കുറിയുടെ തന്നെ വകഭേദങ്ങളാണിവ. സംശയം തോന്നിയ ക്രീമുകള്‍ ഉപയോഗിച്ചെന്ന് മനസിലാക്കിയാല്‍ കൈകള്‍ വൃത്തിയായി കഴുകി വൃത്തിയാക്കുക. അനുചിതമെന്ന് കണ്ടെത്തിയ ഉത്പന്നങ്ങള്‍ സുരക്ഷിതമായി നശിപ്പിക്കണം. സാധാരണ വേസ്റ്റ് ബിന്നുകളില്‍ ഇടാത്തതാണ് ഉചിതമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കേരളത്തിലും വ്യാപകം
അടുത്തിടെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സൗന്ദര്യയില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അനുവദനീയമായ അളവിനേക്കാളും 12,000 മടങ്ങ് മെര്‍ക്കുറി ചേര്‍ത്ത ലിപ്സ്റ്റിക്കുകളും ഫേസ് ക്രീമുകളും കേരളത്തില്‍ വില്‍ക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.