പാർക്കിംഗ് ഫീസിലും ജനങ്ങളെ കൊള്ളയടിച്ച് റെയില്‍വേ. റെയില്‍വേ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു.
ഒരു മാനദണ്ഡവുമില്ലാതെയാണ് പല സ്റ്റേഷനുകളിലും കരാറുകാർ ഫീസ് കൂട്ടിയത്.
ഈ മാസം മുതലാണ് റെയില്‍വേ സ്റ്റേഷനുകളിലെ പാർക്കിങ്ങില്‍ വർദ്ധനവ് വന്നത്. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങളില്‍ ഈടാക്കുന്നത് 30 രൂപയ്ക്ക് മുകളിലാണ്. കാറുകള്‍ക്ക് 70 മുതല്‍ 80 രൂപവരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാല്‍ അധിക ഫീസ് ഇടാക്കും.
പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നല്‍കിയിരുന്ന സീസണ്‍ നിരക്ക് ചിലയിടങ്ങളില്‍ 600 രൂപയായി ഉയർത്തി. പാർക്കിംഗ് ഫീസില്‍ കൂടി വർദ്ധനവ് വന്നതോടെ സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്.
ഹെല്‍മറ്റും റെയ്ൻ കോട്ടും സൂക്ഷിക്കുന്നതിന് അധിക തുക ഈടാക്കുന്നുണ്ട്. എന്നാല്‍ ഇവയും സുരക്ഷിതമല്ലെന്ന് യാത്രക്കാർ പറയുന്നു.
റെയില്‍വേ നല്‍കുന്ന കരാർ പ്രകാരം ഏജൻസികളാണ് പാർക്കിംഗ് നടത്തുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഇവർ പാർക്കിംഗ് ഫീ ഈടാക്കുന്നതെന്നു യാത്രക്കാർ പറയുന്നു. ട്രെയിൻ ടിക്കറ്റ് നിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തില്‍ കൂടിയാണ് റെയില്‍വേയുടെ പാർക്കിംഗ് ഫീസ് വർദ്ധനവും. റെയില്‍വേയുടെ നടപടി സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ്.